നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി സൗദി അറേബ്യ
സൗദി അറേബ്യ നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മാറുന്നു. ആയിരത്തിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ സൗദിയില്‍ ഫ്രാഞ്ചൈസികളെ ക്ഷണിച്ചതായി മുന്‍ഷആത് വെളിപ്പെടുത്തി. നിക്ഷേപകര്‍ക്ക് പശ്ചിമേഷ്യയിലെ ഏറ്റവും അനുകൂലമായ വിപണികളിലൊന്നായി സൗദി അറേബ്യ മാറിയതായി നിക്ഷേപ മന്ത്രാലയവും വ്യക്തമാക്കി.
അനുകൂലമായ വിപണി സാഹചര്യങ്ങളും വാണിജ്യ അന്തരീക്ഷവുമാണ് സൗദിയില്‍ കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കുന്നത്. സൗദി അറേബ്യ പശ്ചിമേഷ്യയില്‍ നിക്ഷേപത്തിന്റെ ഹോട്ട് സ്പോട്ടായി മാറിയതായി നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. ഇതിനകം 1200 ലധികം ബ്രാന്‍ഡുകള്‍ രാജ്യത്ത് ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നതിന് തയ്യാറായതായി ചെറുകിട ഇടത്തരം സംരഭങ്ങളുടെ ജനറല്‍ അതോറിറ്റിയായ മുന്‍ഷആത്ത് വെളിപ്പെടുത്തി.
ഇവയില്‍ അറുന്നൂറിലധികം വിദേശ ബ്രാന്‍ഡുകളും 380 എണ്ണം പ്രാദേശിക ബ്രാന്‍ഡുകളുമാണ്. ഭക്ഷണ പാനിയങ്ങള്‍, റീട്ടെയില്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ഫ്രാഞ്ചൈസികള്‍ എത്തുന്നത്. ഫ്രാഞ്ചൈസിംഗിലൂടെ അന്താരാഷ്ട്ര കുത്തകകളെയും കമ്പനികളെയും രാജ്യത്തേക്ക് എത്തിക്കുന്നതിനും വിപണി സജീവമാക്കുന്നതിനും സഹായിക്കും. ഒപ്പം രാജ്യത്തെ ചെറുകിട നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും അവരുടെ ബിസിനസ് വളര്‍ത്താനുള്ള അവസരമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.