പാരീസ് ഒളിംപിക്സിലെ ലിംഗസ്വത്ത വിവാദം ; അൽജീരിയൻ ബോക്സിംഗ് താരത്തെ പിന്തുണച്ച് സൗദി ഒളിംമ്പിക് കമ്മിറ്റി അംഗം
ലിംഗസ്വത്വ വിവാദത്തിൽപ്പെട്ട അൾജീരിയൻ ബോക്‌സിങ് താരം ഇമാൻ ഖലീഫിന് പിന്തുണയുമായി അമേരിക്കയിലെ സൗദി അംബാസഡറും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗവുമായ അമീറ റീമ ബിൻത് ബന്ദർ. 2024 പാരീസ് ഒളിമ്പിക്സിൽ സ്വർണം നേടിയ ഇമാൻ ഖലീഫ് ട്രാൻസ്ജൻഡറാണെന്നും സ്ത്രീകളുടെ വിഭാഗത്തിൽ മത്സരിപ്പിക്കരുതെന്നും പറഞ്ഞ് വിവിധ കോണുകളിൽ നിന്ന് വിവാദമുയർത്താൻ ശ്രമമുണ്ടായിരുന്നു.ഒളിമ്പിക്സ് കമ്മിറ്റിയുടെ 142-മത് സമ്മേളനത്തിലാണ് അമീറ റീമ ബിൻത് ബന്ദർ ഈ വിവാദങ്ങൾക്കെതിരെ ഇമാൻ ഖലീഫിന് ശക്തമായ പിന്തുണയുമായെത്തിയത്.
ഇമാൻ ഖലീഫുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെക്കുറിച്ച് എനിക്ക് മിണ്ടാതിരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സമാപന സമ്മേളനത്തിൽ റീമ ബിൻത് ബന്ദർ പറഞ്ഞു. പാരീസ് 2024 ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റ് ഒന്നിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ബോക്‌സിങ് ഫെഡറേഷനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെ പൂർണമായും പിന്തുണക്കുന്നു. ഇവിടെ വസ്തുതകൾ വ്യക്തമാണ്. ഇമാൻ ഖലീഫ് ഒരു പെൺകുട്ടിയായി ജനിച്ചു. ജീവിതകാലം മുഴുവൻ ഒരു സ്ത്രീയായി ജീവിച്ചു. ഇക്കാര്യമാണ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്. ഈ വസ്തുതകൾ ഉണ്ടായിരുന്നിട്ടും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തുടർന്നു. നിർഭാഗ്യവശാൽ അത് അസ്വീകാര്യമാണെന്ന് മാത്രമല്ല, സങ്കടകരമാണെന്നും റീമ പറഞ്ഞു.
അൽജീരിയൻ ബോക്‌സിങ് താരം ഇമാൻ ഖലീഫ് അൾജീരിയയിലെ നല്ലൊരു കുടുംബത്തിലെ മകളായാണ് ജനിച്ചത്. ലോകത്തിന് മുന്നിൽ മത്സരിച്ച് ഒരു ഒളിമ്പിക് അത്‌ലറ്റാകാൻ അവൾ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അറിയപ്പെടുന്നതുപോലെ അവൾ സ്വീകരിച്ച പാതക്ക് വളരെയധികം നിശ്ചയദാർഢ്യവും ഉത്സാഹവും സ്ഥിരോത്സാഹവും ആവശ്യമാണ്. ഒളിമ്പ്യന്മാർക്ക് വേണ്ട മികച്ച സ്വഭാവവും കഴിവും ശേഷിയും അവർക്കുണ്ട്. ഒളിമ്പിക് ഗെയിംസിന്റെ സൗന്ദര്യവും അവൾ തെരഞ്ഞെടുത്ത മാർഗത്തിലുണ്ട്. ഇമാന്റെ സ്ത്രീത്വത്തെ സംശയിക്കാൻ ആർക്കും അവകാശമില്ല. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവളുടെ അന്തസും അവകാശവും കവർന്നെടുക്കാനുള്ള ശ്രമമാണ്. അതിനാൽ ഈ വിഷയം തുടരാൻ അനുവദിക്കാനാവില്ലെന്ന് ശക്തമായ ഭാഷയിൽ പറയാനാണ് ഞാൻ ഇന്ന് ഈ കമ്മിറ്റിക്ക് മുന്നിൽ നിൽക്കുന്നത്. ഒളിമ്പിക് അത്‌ലറ്റുകൾ ഉന്നതരാണ്. അവർ മികച്ചവരാകാനുള്ള പരിശീലനത്തിലാണ്. ഇതിനെക്കുറിച്ച് സംസാരിക്കുന്നത് നമുക്കെല്ലാവർക്കും ഒരു പരാജയമാണ്. പക്ഷേ ഈ ചർച്ച എന്നത്തേക്കാളും പ്രധാനമായി മാറിയെന്നും റീമ വ്യക്തമാക്കി.
2024 ഒളിമ്പിക്സിൽ 66 കിലോഗ്രാമിൽ താഴെയുള്ള വനിതാ ബോക്‌സിങ്ങിൽ ചൈനീസ് താരം ലു യാങ്ങിനെ പരാജയപ്പെടുത്തിയാണ് ഇമാൻ ഖലീഫ് സ്വർണം നേടിയത്. ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ താരം ആജ്ഞല കാരിനിക്കെതിരായ വിജയത്തിന് ശേഷം ഇമാൻ ഖലീഫക്കെതിരെ ലിംഗസ്വത്വം ഉയർത്തി സൈബർ ആക്രമം തുടങ്ങിയത്. മത്സരിക്കാനുള്ള അവരുടെ യോഗ്യതയെ ചിലർ ചോദ്യം ചെയ്തു. വിവാദം ചൂടുപിടിക്കുകയും മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ചെയ്തു. സൈബർ ആക്രമണത്തിന് ഇരയായെന്ന് ആരോപിച്ച് ഇമാൻ ഖലീഫ് നിയമപരമായ പരാതി നൽകിയതായി അഭിഭാഷകൻ ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു.
കുട്ടിക്കാലത്ത് ഉപജീവനത്തിന് ബ്രെഡ് കച്ചവടം നടത്തിയിട്ടുണ്ട്. കരിയറിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടു. അങ്ങനെയെല്ലാം ദുഷ്കരമായ പാതയിലൂടെ സഞ്ചരിച്ച് വളർന്നുവന്ന ബോക്‌സിങ് താരമാണ് ഇമാൻ ഖലീഫ്. ബോക്‌സിങ് പരിശീലനം ലഭിക്കുന്ന സ്ഥലത്തേക്ക് പോകുന്നതിനുള്ള പണത്തിന് വേണ്ടി ബ്രെഡ് വിൽനയിൽ ഏർപ്പെട്ടു. ഒരുപാട് പ്രയാസപ്പെട്ടാണ് ഒടുവിൽ ബോക്‌സിങ് സ്വർണ മെഡൽ ജേതാവായി മാറിയതെന്ന് ഇമാൻ ഖലീഫ് തന്നെ പറഞ്ഞിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടുകൾ നീണ്ട ശ്രമങ്ങൾക്കും പരിശീലനങ്ങൾക്കുമൊടുവിലാണ് 2024 ഒളിമ്പിക്സിലെ ബോക്‌സിങ്ങിൽ ഇമാൻ ഖലീഫ് സ്വർണം നേടിയത്. ‘ബ്രഡിൽ നിന്ന് സ്വർണത്തിലേക്ക്’ എന്ന തലക്കെട്ടിൽ വാർത്താമാധ്യമങ്ങളിൽ ഇമാെൻറ വിജയം വലിയ ഇടംപിടിച്ചിരുന്നു.