'ത്വാഇഫിലെ രാത്രികൾ ' ; സമ്മർ സീസൺ പരിപാടികൾക്ക് തുടക്കം
‘ത്വാഇഫ് നൈറ്റ്സ്’ എന്ന പേരിൽ സമ്മർ സീസൺ പരിപാടികൾക്ക് തുടക്കമായി. ത്വാഇഫ് ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.നിരവധി വിനോദ, സാംസ്കാരിക, വാണിജ്യ, കായിക പരിപാടികൾ ഉൾക്കൊള്ളുന്നതാണ് ഈ വർഷത്തെ സമ്മർ സീസൺ പരിപാടികൾ. ത്വാഇഫിലേക്ക് സന്ദർശകരെ ഗവർണർ സ്വാഗതം ചെയ്തു. വിവിധ പരിപാടികളിൽ അവർക്ക് മറക്കാനാവാത്ത അനുഭവം ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തണുത്ത അന്തരീക്ഷവും അതിമനോഹര പ്രകൃതിദൃശ്യങ്ങളും കൊണ്ട് അനുഗ്രഹീതമായ ത്വാഇഫിൽ സമയം ചെലവഴിക്കുന്ന സന്ദർശകരുടെ എണ്ണം വർധിപ്പിക്കാനാണ് ‘ത്വാഇഫ് നൈറ്റ്സ്’ ലക്ഷ്യമിടുന്നത്. വിനോദവും സാംസ്കാരികവും കായികവും കാർഷികവുമായ നിരവധി പരിപാടികൾ ഇതിൽ ഉൾപ്പെടുന്നു.
വൈകുന്നേരങ്ങളിൽ മേഖലയുടെ ആധികാരികതയെക്കുറിച്ചും അതിന്റെ പുരാതന പൈതൃകത്തെക്കുറിച്ചും സന്ദർശകരിൽ സാംസ്കാരിക ബോധം സൃഷ്ടിക്കുന്നതിനായി വിവിധ സാംസ്കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ലിറ്റററി ക്ലബാണ് ഇത് സംഘടിപ്പിക്കുന്നത്. സ്പോർട്സ് അനുഭവങ്ങൾ, ഹോഴ്സ് ക്ലബ് റേസുകൾ, ക്രൗൺ പ്രിൻസ് ഒട്ടകമേള, മരുഭൂമി റേസ്, പാഡൽ ലീഗ് എന്നിവയാണ് സ്പോർട്സ് പരിപാടികൾ. ത്വാഇഫിലെ പ്രശസ്തമായ വിവിധ പഴങ്ങളുടെയും പച്ചക്കറികളുടെയും സീസണിനൊപ്പം കർഷകരുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും ഇതോടൊപ്പം അരങ്ങേറും.
ത്വാഇഫ് സർവകലാശാലയിലെ കലാപരിപാടികൾ, അൽ സദാദിലെ അൽഅജാഇബ് ഗാർഡൻ, ചോക്ലറ്റ് ഫെസ്റ്റിവൽ, റുദഫ് സമ്മർ ഫെസ്റ്റിവൽ, പെർഫ്യൂം എക്സിബിഷൻ, ഹോഴ്സ് അവന്യൂ, അൽ ഹജ്ജാന എന്നിവ വിനോദ പരിപാടികളാണ്.