2024ൽ തുർക്കിയിൽ എത്തിയതിൽ ഏറ്റവും അധികം സൗദിയിൽ നിന്നുള്ള ടൂറിസ്റ്റുകൾ
ആഭ്യന്തര ടൂറിസം കുതിപ്പ് നടത്തുന്നതിനൊപ്പം ലോക സഞ്ചാരത്തിലും മുന്നേറി സൗദി ടൂറിസ്റ്റുകൾ. കഴിഞ്ഞ വർഷം തുർക്കിയ സന്ദർശിച്ച വിനോദസഞ്ചാരികളിൽ ഒന്നാം സ്ഥാനത്തുള്ള സൗദി പൗരരാണ്. തുർക്കിയയിലെ ട്രാബ്സൺ കൾചർ ആൻഡ് ടൂറിസം ഡയറക്ടറേറ്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. 3,45,000 സൗദി വിനോദ സഞ്ചാരികളാണ് തുർക്കിയയിലെത്തിയത്.
രാജ്യം സ്വീകരിച്ച ടൂറിസ്റ്റുകളിൽ ഏറ്റവും കൂടുതൽ സൗദി അറേബ്യയിൽ നിന്നാണെന്നും 2024ൽ തുർക്കിയയിലെത്തിയ മൊത്തം വിനോദ സഞ്ചാരികളുടെ എണ്ണം 12,96,640 ആണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിൽനിന്ന് തുർക്കിയയിലെ ചരിത്ര, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം നാല് ശതമാനം വർധിച്ച് 5,39,950 ആയെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. സൗദി സന്ദർശകർ കഴിഞ്ഞാൽ യഥാക്രമം ഒമാൻ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങളാണ് തൊട്ടു പിന്നിലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
തുർക്കിയയുടെ വടക്കുകിഴക്കൻ ഭാഗമായ കരിങ്കടൽ തീരത്ത് സ്ഥിതിചെയ്യുന്ന ട്രാബ്സൺ നഗരത്തിലാണ് കഴിഞ്ഞ വർഷം ടൂറിസ്റ്റുകൾ ഏറ്റവും കൂടുതലെത്തിയത്. തുർക്കിയയുടെ സാംസ്കാരിക പൈതൃകത്തിനും ചരിത്ര പെരുമക്കും അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങൾക്കും പേരുകേട്ട പ്രദേശമാണിത്.
ഗ്രീക്ക്, റോമൻ, ബൈസൈൻറൻ, ഓട്ടോമൻ നാഗരികതകൾ സ്വാധീനിച്ചിട്ടുള്ള പുരാതന കാലത്തോളം പഴക്കമുള്ള സമ്പന്നമായ ചരിത്രം പേറുന്ന നഗരമാണ് ട്രാബ്സൺ. ഹഗിയ സോഫിയ, സുമേല മൊണാസ്ട്രി, ട്രാബ്സൺ കാസിൽ എന്നിവയുൾപ്പെടെ നിരവധി ചരിത്ര സ്ഥലങ്ങൾ ഈ നഗരത്തിലുണ്ട്.