മസ്ജിദുന്നബവിൽ ഇനി 4000ൽ അധികം വാഹനങ്ങൾക്ക് പാർക്കിംഗ് ചെയ്യാം
മസ്ജിദുന്നബവിയിലെത്തുന്ന സന്ദർശകരുടെയും ആരാധകരുടെയും സൗകര്യത്തിനായി ആകെ നാലായിരത്തിലധികം പാർക്കിങ് സ്ഥലങ്ങളേർപ്പെടുത്തിയതായി ഹറം കാര്യാലയം അറിയിച്ചു. ഇതോടെ വാഹനങ്ങളിലെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്ത് ഹറമിലെത്താൻ കഴിയും. പള്ളിയുടെ വടക്ക്, പടിഞ്ഞാറ്, കിഴക്ക്, കിങ് അബ്ദുൽ അസീസ് റോഡ് ഭാഗം എന്നീ നാല് വശങ്ങളിലാണ് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുള്ളത്. അഞ്ച് വീതം പ്രവേശന, എക്സിറ്റ് കവാടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പാർക്കിങ്ങിന് ഏകദേശം 1,99,000 ചതുരശ്ര മീറ്റർ സ്ഥലമാണൊരുക്കിയത്. 24 പാർക്കിങ് യൂനിറ്റുകളായി തിരിച്ചിട്ടുണ്ട്. എട്ടെണ്ണം സ്ഥിര വരിക്കാർക്കും 16 എണ്ണം അതല്ലാത്തവർക്കുമാണ്. ഓരോ യൂനിറ്റിലും 184 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയും.ആകെ 4,416 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടമാണുള്ളത്. പാർക്കിങ് ഏരിയകളിലാകെ 48 സെൽഫ് ചെക്കൗട്ട് മെഷീനുകളുമുണ്ട്.
സന്ദർശകർക്ക് വാഹനങ്ങളിലും വസ്തുവകകളിലും സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട സംവിധാനങ്ങൾ പാർക്കിങ് സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 679 സുരക്ഷ നിരീക്ഷണ കാമറകളും 800 അഗ്നിശമന ഉപകരണങ്ങളും 190 ഫയർ ഹോസുകളും 22,915 ഫയർ വാട്ടർ ബാരിയറുകളും ഘടിപ്പിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.