മാസപ്പിറവി നിരീക്ഷിക്കണം ; രാജ്യത്ത് എമ്പാടുമുള്ള മുസ്ലിമുകളോട് ആഹ്വാനവുമായി സൗദി സുപ്രീംകോടതി
സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യമെമ്പാടമുള്ള മുസ്ലിംകളോട് ആഹ്വാനം ചെയ്ത് സുപ്രീം കോടതി. ഏപ്രില്‍ എട്ടിന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് സുപ്രീം കോടതി ശനിയാഴ്ച അറിയിപ്പ് നല്‍കിയത്. നഗ്നനേത്രങ്ങള്‍ കൊണ്ടോ ദൂരദര്‍ശിനിയിലൂടെയോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്തുള്ള കോടതിയില്‍ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും മാസപ്പിറവി ദൃശ്യമായ വിവരം കോടതി മുമ്പാകെ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്. തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ചൊവ്വാഴ്ച റമദാന്‍ 30 തികച്ച് ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.
വെടിക്കെട്ടും കച്ചേരിയും നാടകങ്ങളുമായി ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുങ്ങിയിരിക്കുകയാണ് സൗദി അറേബ്യ. പതിവുപോലെ ഇത്തവണയും പൊതുവിനോദ അതോറിറ്റിക്ക് കീഴിൽ വിപുലമായ കലാസാംസ്കാരിക വിനോദ പരിപാടികളാണ് ഒരുങ്ങുന്നത്. ‘ഈദുൽ ഫിത്വർ 2024’ ആഘോഷം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ ബുക്ക്ലെറ്റ് അതോറിറ്റി പുറത്തിറക്കി.
വെടിക്കെട്ട്, സംഗീതകച്ചേരികൾ, നാടകങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. https://t.co/NjW38iuUYz എന്ന ലിങ്ക് വഴി ഈദ് പരിപാടികളുടെ ബുക്ക്‌ലറ്റ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈദ് ആഘോഷിക്കുന്നതിനായി രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗം നടത്തും. ജിദ്ദയിൽ രണ്ടു ദിവസമാണ് വെടിക്കെട്ട്. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രതിഭകളും കലാസംഘങ്ങളും അവതരിപ്പിക്കുന്ന നാടകങ്ങളാണ് പ്രധാനമായും അരങ്ങേറുക. ഏപ്രിൽ 14 ന് റിയാദ് ബോളിവാർഡ് സിറ്റിയിലെ മുഹമ്മദ് അൽ അലി തിയേറ്ററിൽ ‘അയൽക്കാരൻ’ എന്ന നാടകം അരങ്ങേറും. ഏപ്രിൽ 13 ന് ജിദ്ദയിലെ ബാറ്റർജി കോളജ് തിയേറ്റർ ‘ദി റെഡ് ബോക്സ്’ എന്ന നാടകത്തിനും അരങ്ങാവും.
14-ന് ദമ്മാമിലെ അൽഅസല തിയേറ്ററിൽ ‘ജിന്നിന്റെ കല്യാണം’ എന്ന നാടകം അരങ്ങേറും.കൂടാതെ രാജ്യത്തെ വിവിധ നഗരങ്ങളിൽ എട്ട് സംഗീതകച്ചേരികൾ നടക്കും. റിയാദ് ബൊളിവാർഡ് സിറ്റി ഈദ് ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ പുലർച്ചെ രണ്ട് വരെയും ബൊളിവാർഡ് വേൾഡ് വൈകീട്ട് നാല് മുതൽ പുലർച്ചെ ഒന്ന് വരെയും സന്ദർശകരെ സ്വീകരിക്കും. റിയാദ് ദറഇയയിലെ ‘വയാ റിയാദ്’ പാർക്കിൽ രാത്രി എട്ട് മുതൽ പുലർച്ചെ മൂന്ന് വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം. ‘ജിദ്ദ പ്രൊമെനേഡിലെ മികച്ച അവധിദിനങ്ങൾ’ എന്ന ശീർഷകത്തിൽ 10 ദിവസം ജിദ്ദ പ്രൊമെനേഡിൽ ഈദ് പരിപാടികൾ നടക്കും. ‘നിങ്ങളുടെ കുടുംബത്തിനും ആളുകൾക്കും ഇടയിൽ നിങ്ങളുടെ ഈദ്’ എന്നതാണ് ഇത്തവണത്തെ ഈദുൽ ഫിത്വർ ആഘോഷങ്ങളുടെ തലക്കെട്ട്. ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സൗദി ജനതയുടെയും സന്ദർശകരുടെയും ഹൃദയങ്ങളിൽ ആഹ്ലാദം നിറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്.