മധ്യപൗരസ്ത്യ മേഖലയിലെ സൈനിക നടപടി ; ആശങ്ക രേഖപ്പെടുത്തി സൗദി അറേബ്യ
മധ്യപൗരസ്ത്യ മേഖലയിലെ സൈനിക മുന്നേറ്റങ്ങളെയും തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളുടെ ഗൗരവത്തെക്കുറിച്ചും സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു. എല്ലാ കക്ഷികളോടും അങ്ങേയറ്റം സംയമനം പാലിക്കാനും പ്രദേശത്തെയും അതിലെ ജനങ്ങളെയും യുദ്ധത്തിന്റെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനും ആഹ്വാനം ചെയ്യുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് സുരക്ഷാ കൗൺസിൽ അതിന്റെ ഉത്തരവാദിത്തം നിറവേറ്റേണ്ടതിന്റെ ആവശ്യകത ആവശ്യപ്പെടുന്ന സൗദിയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകിച്ചും ആഗോള സമാധാനത്തോടും സുരക്ഷയോടും അങ്ങേയറ്റം സെൻസിറ്റീവ് ആയ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നത് തടയണം. അത് വികസിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ശനിയാഴ്ച ഇറാൻ റവല്യൂഷണറി ഗാർഡ് ഡസൻ കണക്കിന് ഡ്രോണുകളും മിസൈലുകളും അയച്ച് ഇസ്രായേലിൽ നടത്തിയ ആക്രണമത്തെ തുടർന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്.