സംസം വെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രതിദിനം 80 തവണ ലാബ് പരിശോധന
സംസം വെള്ളത്തിന്റെ ശുദ്ധിയും സുരക്ഷയും ഉറപ്പാക്കാൻ മദീന മസ്ജിദുന്നബവിയിൽ പ്രതിദിനം നടത്തുന്നത് 80 തവണ ലാബ് പരിശോധന. മസ്ജിദുന്നബവിക്ക് കീഴിലെ ലബോറട്ടറിയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതിക സംഘമാണ് ഇത്രയും തവണ സാമ്പിളുകൾ പരിശോധിക്കുന്നത്. പള്ളിക്കുള്ളിലെയും മുറ്റത്തെയും സംസം വെള്ളത്തിന്റെ എല്ലാ വിതരണ സംവിധാനത്തിൽ നിന്നുമാണ് പരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ എടുക്കുന്നത്. ജലത്തിന്റെ ശുദ്ധത പരിശോധിക്കാൻ ലോകത്ത് നിലവിലുള്ള ഏറ്റവും അത്യാധുനിക ലാബ് ഉപകരണങ്ങളും സാങ്കേതികവിദ്യയുമാണ് സംസം വെള്ളത്തിന്റെ പരിശോധനക്ക് ഉപയോഗിക്കുന്നത്. മക്കയിൽ നിന്ന് കൊണ്ടുവരുന്ന സംസം വെള്ളം വിതരണം ചെയ്യുന്നതിന്റെ മേൽനോട്ടം വഹിക്കുന്നത് ഈ ലബോറട്ടറി വിങ്ങാണ്. വെള്ളം ആഗമന സംവിധാനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും എപ്പോഴും പരിശോധിക്കുന്നു.Lab testing
ഇങ്ങനെ കൊണ്ടുവരുന്ന സംസം മദീനയിലെ സുപ്രധാന സംഭരണികളിൽ സംഭരിക്കുന്നു. അതിന്റെ ജലനിരപ്പ് താഴാതെ നിലനിർത്തുന്നു. 300 ടൺ സംസം വെള്ളമാണ് മദീന പള്ളിയിൽ പ്രതിദിനം വിതരണം ചെയ്യുന്നത്. മക്കയിൽ കഅ്ബയിൽ നിന്ന് 21 മീറ്റർ അകലെയാണ് സംസം കിണർ സ്ഥിതി ചെയ്യുന്നത്. 31 മീറ്റർ ആഴമാണ് കിണറിനുള്ളത്. സെക്കൻഡിൽ 11 മുതൽ 18.5 ലിറ്റർ വരെയാണ് കിണറിൽനിന്ന് പുറത്തേക്ക് പമ്പ് ചെയ്യുന്നത്. സംസം പരിശോധിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല മദീനയിലെ ലബോറട്ടറി വിങ്ങിന്റെ പ്രവർത്തനം. പള്ളിയുടെയും പരിസരത്തിന്റെയും ശുചിത്വത്തിന് വേണ്ടി മുഴുവൻ ഭാഗങ്ങളിൽനിന്നും പലതരം വസ്തുക്കളുടെ സാമ്പിളുകൾ എടുത്ത് പ്രതിദിനം 30 തവണ പരിശോധന നടത്തുന്നുണ്ട്. അണുനശീകരണവും ശുചിത്വവും അതിന്റെ നിലവാരവും ഉറപ്പുവരുത്തുന്നതിനാണ് ഇത്.