കിംഗ് സൽമാൻ റോയൽ സംരക്ഷിത വനം ; ദേശാടന പക്ഷികളുടെ ഇഷ്ട താവളം
സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ പ്രകൃതി സംരക്ഷിത പ്രദേശമായ കിങ് സൽമാൻ റോയൽ റിസർവ് വനം അപൂർവ ദേശാടനപക്ഷികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. വംശനാശ ഭീഷണി നേരിടുന്ന അപൂർവ ദേശാടനപക്ഷികളടക്കം ശൈത്യകാലത്ത് ഈ സംരക്ഷിത വനത്തിലെത്തുന്നു. അപൂർവമായി കാണുന്ന ‘ഗ്രേ ഹെറോൺ(ചാരമുണ്ടി)’ പക്ഷിയുടെ സാന്നിധ്യം കഴിഞ്ഞ ദിവസം ഇവിടെ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.
ശീതകാലത്ത് മാത്രം എത്തുന്ന ഗ്രേ ഹെറോണിന്റെ നീളം 98 സെന്റിമീറ്ററാണെങ്കിലും അതിന്റെ ചിറകുകൾ 195 സെന്റിമീറ്ററോളം വിടർത്താൻ കഴിയും. പൊതുവെ ഇവയുടെ ഭാരം 2070 ഗ്രാം വരെയായിരിക്കും. വലിയ കാലുകളും വലിയ കഴുത്തുമുള്ള വലുപ്പമേറിയതും എന്നാൽ ഇടത്തരം വലുപ്പമുള്ളതുമായ ഹെറോണുകൾ പ്രാദേശിക വംശനാശ ഭീഷണി നേരിടുന്ന പക്ഷികളിൽ ഒന്നാണ്.
ഈ സംരക്ഷിത വനത്തിലേക്ക് ശീതകാലത്ത് നൂറുകണക്കിന് ദേശാടനപക്ഷികൾ എത്താറുണ്ട്. പ്രകൃതിദത്ത സങ്കേതവും അതിന്റെ സന്തുലിതമായ പരിസ്ഥിതിയും വൈവിധ്യമാർന്ന ഭൂപ്രദേശവും ആവാസ വ്യവസ്ഥയുമൊക്കെ ഇവിടേക്ക് ദേശാടനപക്ഷികളെ ആകർഷിക്കുന്ന മുഖ്യഘടകങ്ങളാണ്. 290 ഇനം പക്ഷികൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.