കർഷകർക്ക് ആശ്വാസമായി ബിഷയിലെ കിംങ് ഫഹദ് ഡാം തുറന്നു
മേഖലയിലെ കർഷകർക്ക് ആശ്വാസമായി ബിഷയിലെ കിംങ്ങ് ഫഹദ് ഡാം തുറന്നതായി അസീർ മേഖലയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ഡാമിന്റെ ഷട്ടറുകൾ 174 ദിവസത്തേക്കാണ് തുറക്കുന്നത്. 30 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അണക്കെട്ടിലെ വെള്ളം എല്ലാ സുരക്ഷാ നടപടികളും പാലിച്ചാണ് തുറന്നുവിട്ടത്. പ്രദേശത്തെ ജലസ്രോതസ്സുകൾ ശക്തിപ്പെടുത്താനും കർഷകർക്ക് ജലസേചനത്തിനും ഇതുവഴി ഫലം കിട്ടുന്നു. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം അംഗീകരിച്ച പ്രവർത്തന പദ്ധതിയുടെ അടിസ്ഥാനത്തിൽ, വാദി ബിഷയിലെ കാർഷിക സീസണുകൾക്കനുസരിച്ച്, ഗവർണറേറ്റിലെ ജലസ്രോതസ്സുകൾ വർധിപ്പിക്കുന്നതിനും കർഷകർക്കും കാർഷിക വികസനത്തിനുംവേണ്ടിയാണ് ഡാം തുറന്നുവിടുന്നതെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.
അണക്കെട്ടിന്റെ സംഭരണശേഷി 325 ദശലക്ഷം ക്യുബിക് മീറ്ററാണ്.അതിന്റെ ഉയരം 103 മീറ്ററാണ്. മുകളിലെ നീളം 507 മീറ്ററും സ്പിൽവേയുടെ നീളം 225 മീറ്ററുമാണ്. അണക്കെട്ടിന് 4 വാട്ടർ ഡ്രെയിനേജ് ടണലുകളുണ്ട്. 6 സ്ലൈഡിംഗ് ഗേറ്റുകളാൽ ഇവ നിയന്ത്രിക്കപ്പെടുന്നു, ഡാമിന്റെ സുരക്ഷയും സ്ഥിരതയും നിരീക്ഷിക്കുന്നതിന് 6 സെറ്റ് വിവിധ നിരീക്ഷണ ഉപകരണങ്ങളും സംവിധാനിച്ചിട്ടുണ്ട്. സൗദിയിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് ബിഷയിലെ കിംങ്ങ് ഫഹദ് ഡാം.