ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാൻ ഒരുങ്ങി 'ജിദ്ദ ടവർ' ; നിർമാണം പുനരാരംഭിച്ചു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാൻ പോകുന്ന ‘ജിദ്ദ ടവറി’ന്റെ നിർമാണം പുനരാംരംഭിച്ചു. മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയാകും. കിങ്ഡം ഹോൾഡിങ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ അൽവലീദ് ബിൻ തലാൽ, സി.ഇ.ഒ എൻജി. തലാൽ അൽ മൈമാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ടവറിന്റെ നിർമാണം പുനരാംരംഭിച്ച വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിദ്ദ ടവറിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതായും അഭിലാഷത്തിന്റെയും പുരോഗതിയുടെയും ആഗോള പ്രതീകം പടുത്തുയർത്താൻ കോൺക്രീറ്റ് ഇട്ട് തുടങ്ങിയതായും കമ്പനി വൃത്തങ്ങൾ പറഞ്ഞു.
ജിദ്ദ ടവറിന്റെ ഉയരം ഒരു കിലോ മീറ്ററിൽ കൂടുതലാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. ഇത് ജിദ്ദ നഗരത്തിന്റെ ആകാശത്തിന്റെ അതിർവരമ്പുകളെ പുനർനിർവചിക്കുകയും വാസ്തുവിദ്യാ മികവിനും സാമ്പത്തിക അവസരങ്ങൾക്കുമുള്ള ഒരു കേന്ദ്രമായി രാജ്യത്തെ സ്ഥാപിക്കുകയും ചെയ്യുകയാണ് ഈ നിർമാണത്തിലൂടെയന്നും കമ്പനി വ്യക്തമാക്കി.
ഓരോ നാല് ദിവസത്തിലും ഒരു നില എന്ന തോതിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അമീർ അൽവലീദ് ബിൻ തലാൽ പറഞ്ഞു. 42 മാസത്തിനുള്ളിൽ ടവർ പൂർത്തിയാകും. പദ്ധതിയുടെ തുടക്കത്തിൽ നിശ്ചയിച്ച അതേ ഘടനയിൽ തന്നെയാണ് നിർമിക്കുന്നത്. അതിൽ എന്തെങ്കിലും എൻജിനീയറിങ് മാറ്റങ്ങൾ നടത്തിയിട്ടില്ലെന്നും അമീർ അൽവലീദ് പറഞ്ഞു. ജിദ്ദ ടവർ പദ്ധതി ‘വിഷൻ 2030’ ചട്ടക്കൂടിനുള്ളിലാണ്.