ഇസ്രയേൽ ആക്രമണം മേഖലയെ വിശാലമായ യുദ്ധത്തിലേക്ക് തള്ളി വിടുന്നു ; സൗദി വിദേശകാര്യ മന്ത്രി
ഇസ്രായേൽ ആക്രമണം മേഖലയെ വിശാലമായ യുദ്ധത്തിലേക്ക് തള്ളിവിടുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ബ്രസീലിയൻ നഗരമായ റിയോ ഡെ ജനീറോയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ പ്രതിനിധീകരിച്ച് ജി20 ഉച്ചകോടിയുടെ ആദ്യ സെഷനിൽ പങ്കെടുത്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഗസ്സയിലും ലബനാനിലും നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ആക്രമണം അഭൂതപൂർവമായ മാനുഷിക ദുരിതങ്ങൾക്ക് കാരണമായി.
ഇത് മേഖലയെ ഒരു യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നു. കൂടാതെ അന്താരാഷ്ട്ര നിയമങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശ്വാസ്യത തകർക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
അടിയന്തര വെടിനിർത്തലിന്റെ ആവശ്യകത, മാനുഷിക സഹായത്തിലേക്കുള്ള അനിയന്ത്രിത പ്രവേശനം, ബന്ദികളെ മോചിപ്പിക്കൽ, 1967-ലെ അതിർത്തികൾക്ക് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ശാശ്വത സമാധാനത്തിനുള്ള പ്രതിബദ്ധത എന്നിവയിൽ സൗദിയുടെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രി ആവർത്തിച്ചു.
ലോകം കൂടുതൽ പിരിമുറുക്കങ്ങളും സൈനിക സംഘട്ടനങ്ങളും മാനുഷിക പ്രതിസന്ധികളും നേരിടുന്നു. 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉൾപ്പെടെയുള്ള വികസന ലക്ഷ്യങ്ങളുടെ നേട്ടത്തെ ഇത് തടസ്സപ്പെടുത്തുന്നു. മരണത്തിന്റെയും നാശത്തിന്റെയും അവശിഷ്ടങ്ങളിൽ വികസനവും സമൃദ്ധിയും കൈവരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു.
സുഡാനിലെ സ്ഥിതിഗതികളും വിദേശകാര്യ മന്ത്രി പ്രസംഗത്തിൽ സ്പർശിച്ചു. അവിടെയുള്ള സംഘർഷം, പ്രത്യേകിച്ചും ആവശ്യമുള്ളവർക്ക് മാനുഷിക സഹായം എത്തിക്കുന്നത് തടയുന്ന സാഹചര്യത്തിൽ വലിയ മാനുഷിക കഷ്ടപ്പാടുകൾക്ക് കാരണമാകുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
ബ്രസീലിന്റെ നേതൃത്വത്തിൽ പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരെ അന്താരാഷ്ട്ര സഖ്യം രൂപവത്കരിച്ചതിനെ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ സൗദി കണക്കാക്കുന്നത്.
ഈ സഖ്യത്തിന്റെ ഭാഗമാകുന്നതിൽ സൗദി സന്തുഷ്ടരാണ്. കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന്റെയും സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെയും പരിപാടികളിലൂടെ സൗദി അറേബ്യ ഈ സഖ്യത്തിന്റെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചു. വികസ്വര രാജ്യങ്ങളെ പിന്തുണക്കുന്നതിനായി അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും പരിപാടികളിലേക്കുള്ള സൗദി നൽകുന്ന ആഗോള സംഭാവനകൾക്ക് പുറമെയാണിതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.