സയാമീസ് ഇരട്ടകളുടെ രാജ്യാന്തര സമ്മേളനം ; വെല്ലുവിളികൾ അതിജീവിക്കാൻ തീവ്ര ശ്രമങ്ങൾ ഉണ്ടാകണമെന്ന് റിയാദ് ഗവർണർ
സയാമീസ് ഇരട്ടകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ പരിശ്രമങ്ങൾ വിനിയോഗിക്കണമെന്ന് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ. ഈ മേഖലയിലെ ബുദ്ധിമുട്ടുകൾ മറികടക്കാൻ ദേശീയവും അന്തർദേശീയവുമായ ശ്രമങ്ങൾ തീവ്രമാക്കുകയും ആവശ്യമായ പിന്തുണയും പരിചരണവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും റിയാദ് ആതിഥേയത്വം വഹിച്ച സയാമീസ് ഇരട്ടകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യവേ ഗവർണർ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായി സൗദി അറേബ്യ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന പദ്ധതി വിജയകരമായി നടത്തുന്നു. ഇക്കാര്യത്തിൽ രാജ്യം വളരെയധികം ശ്രദ്ധചെലുത്തുന്നു. സൗദി ദേശീയ പരിപാടി ആരംഭിച്ച് 30 വർഷം പിന്നിട്ട സന്ദർഭത്തിലാണ് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സയാമീസ് ഇരട്ടകൾ പിറന്നുവീഴുന്നത് മുതൽ സങ്കീർണമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു.
ഏകദേശം 50,000 ജനങ്ങളിൽ ഒന്ന് എന്നതാണ് സയാമീസ് നിരക്ക്. ഇങ്ങനെ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങൾ പാലിച്ച് അവരെ ശാക്തീകരിക്കേണ്ടതിെൻറ പ്രാധാന്യം ഉൾക്കൊണ്ടാണ് സൗദി അറേബ്യ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുവന്നത്. കുട്ടികളെ അവരുടെ ശാരീരമായി ഒട്ടിച്ചേർന്ന അവസ്ഥയിൽനിന്ന് വേർപെടുത്തി ഇരുകുട്ടികൾക്കും വ്യക്തിഗതമായ നല്ല ജീവിതം നൽകുക എന്നതാണ് ലക്ഷ്യം. ശാരീരികവും മാനസികവുമായ ഏറ്റവും ഉയർന്ന ആരോഗ്യം പ്രദാനം ചെയ്യുക. ഇതെല്ലാം ലക്ഷ്യമാക്കിയാണ് 30 വർഷം മുമ്പ് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള ദേശീയപദ്ധതി സൗദി അറേബ്യ ആരംഭിച്ചത്.
26 രാജ്യങ്ങളിൽ നിന്ന് 143 ഇരട്ടകളുടെ കേസുകളാണ് രാജ്യത്തിന് മുന്നിലെത്തിയത്. ഈ സയാമീസുകൾക്കെല്ലാം മികച്ച വൈദ്യപരിചരണം ഈ ദേശീയപദ്ധതിയിലൂടെ നൽകാനായി. ഇതിൽ 61 ഇരട്ടകളെ റിയാദിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപ്പെടുത്തി. ആ കുട്ടികൾ വെവ്വേറെ വളർന്ന് നല്ല ജീവിതങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ സ്പെഷലൈസ്ഡ് മെഡിക്കൽ, ചാരിറ്റി പ്രോഗ്രാമുകളിലൊന്നായി ശ്രദ്ധിക്കപ്പെടുന്നതായി ഇത്. ഒപ്പം സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ലോകത്തിലെ തന്നെ ഒരേയൊരു പ്രോഗ്രാമാണ് ഇപ്പോഴും ഇതെന്നും റിയാദ് ഗവർണർ കൂട്ടിച്ചേർത്തു.