അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് ജിദ്ദയിൽ തുടക്കം ; മേള ഡിസംബർ 21 വരെ
അന്താരാഷ്ട്ര പുസ്തകമേളക്ക് ജിദ്ദ സൂപ്പർ ഡോമിൽ ഗംഭീര തുടക്കം. സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മേള ഡിസംബർ 21 വരെ നീളും. ഇത്തവണ 450 ഓളം പവിലിയനുകളിലായി 22 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം പ്രാദേശിക, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും പങ്കെടുക്കുന്നുണ്ട്. സെമിനാറുകൾ, വർക്ഷോപ്പുകൾ എന്നിവയിൽ 170 ഓളം പ്രമുഖ പ്രഭാഷകർ പങ്കെടുക്കും.
സമ്പന്നമായ നൂറിലധികം സാംസ്കാരിക പരിപാടികളാണ് അരങ്ങേറുക. കുട്ടികൾക്ക് പ്രത്യേക ഏരിയയുണ്ട്. എഴുത്ത്, നാടകം, അനിമേഷൻ നിർമാണം, വിവിധ സംവേദനാത്മക പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ യുവാക്കളെ ലക്ഷ്യമിട്ടുള്ള സാംസ്കാരിക പരിപാടികളും മേളയിലുണ്ട്.
സൗദി രചയിതാക്കൾക്കായി പ്രത്യേക കോർണറുണ്ട്. അതിൽ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ സന്ദർശകരെ പരിചയപ്പെടുത്തും. വിലക്കിഴിവുള്ള പുസ്തകങ്ങൾക്കായി പ്രത്യേക ഏരിയയുമുണ്ട്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പുസ്തകങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗജന്യ വായന ഏരിയയയും മേളയിലുണ്ട്.
സൗദിയിൽ സംസ്കാരത്തെയും സാഹിത്യത്തെയും പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ഭരണകൂട താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ജിദ്ദ പുസ്തകമേളയെന്ന് അതോറിറ്റി പബ്ലിഷിങ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഡോ. അബ്ദുൽ ലത്തീഫ് അൽവാസൽ പറഞ്ഞു.
സാമൂഹിക പരിപാടികളിലൂടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തനങ്ങളിലൂടെയും പ്രാദേശിക, അറബ്, അന്തർ ദേശീയ സാഹിത്യങ്ങളുടെയും എഴുത്തുകാരുടെയും പ്രയത്നങ്ങളെ ഉയർത്തിക്കാട്ടുന്നതിനാൽ ജിദ്ദ പുസ്തകമേളക്ക് വലിയ പ്രധാന്യമുണ്ടെന്നും അൽവാസൽ കൂട്ടിച്ചേർത്തു.