ദമാം തുറമുഖത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിച്ചു
സൗദി കിഴക്കൻ പ്രവിശ്യയിലെ സുപ്രധാന തുറമുഖമായ ദമ്മാം കിങ് അബ്ദുൽ അസീസ് പോർട്ടിന്റെ പ്രവർത്തനശേഷി വർധിപ്പിച്ചു. തുറമുഖത്തിന്റെ ആഗോള പദവി ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയത്. വലിയ കപ്പലുകളിൽ നിന്നും വേഗത്തിൽ ചരക്ക് മാറ്റം നടത്താൻ സാധിക്കുന്ന ഓട്ടോമാറ്റഡ് ക്രെയിൻ ഫെസിലിറ്റിയുൾപ്പെടുന്നതാണ് പുതിയ സംവിധാനം. സൗദി ദേശീയ ഗതാഗത ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ നവീകരണ പ്രവർത്തനങ്ങൾ.
ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖത്ത ഓട്ടോമാറ്റഡ് ക്രെയിനുകളുടെ പ്രവർത്തന ശേഷി വർധിപ്പിച്ചതായി സൗദി പോർട്സ് അതോറിറ്റി (മവാനി) അറിയിച്ചു. ക്രെയിനുകളുടെ ശേഷി 9.7 ശതമാനം വർധിപ്പിച്ചു. ഇതോടെ തുറമുഖത്തെ ക്വയ് ക്രെയിനുകളുടെ എണ്ണം 18 ആയും ഗാൻട്രി ക്രെയിനുകളുടെ എണ്ണം 50 ആയും വർധിച്ചു.
തുറമുഖത്തെത്തുന്ന വലിയ കപ്പലുകളിലെ ചരക്കുകൾ കാര്യക്ഷമമായും വേഗത്തിലും കൈകാര്യം ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരേ സമയം 25 ഓളം ഷിപ്പിങ് ലൈനുകളിൽ നിന്നും ചരക്ക് കൈകാര്യം ചെയ്യാമെന്നതും ഇതിന്റെ സവിശേഷതയാണ്. ആഗോള തുറമുഖങ്ങൾക്കിടയിൽ ദമ്മാം തുറമുഖത്തിന്റെ മാത്സര്യം വർധിപ്പിക്കുന്നതിനും പദവി ഉയർത്തുന്നതിനും പുതിയ സംവിധാനങ്ങൾ സഹായിക്കുമെന്ന് ‘മവാനി’ വൃത്തങ്ങൾ വ്യക്തമാക്കി.