സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ഇറക്കുമതി ; പുതിയ ക്ലിയറൻസ് സംവിധാനവുമായി സൗദി അറേബ്യ
സൗന്ദര്യവർധക ഉൽപന്നങ്ങളുടെ ഇറക്കുമതി കാര്യക്ഷമമാക്കുന്നതിന് പുതിയ ക്ലിയറൻസ് സംവിധാനം നിലവിൽവന്നതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ). ‘കോസ്മെറ്റിക് ഉൽപന്നങ്ങൾ ക്ലിയറൻസ്’ എന്ന സംവിധാനം ഉപയോഗിച്ച് സൗന്ദര്യവർധക ഉൽപന്ന ഇറക്കുമതിക്ക് അധികൃതരുടെ സർട്ടിഫിക്കറ്റ് നേടുന്നത് ഇപ്പോൾ എളുപ്പത്തിൽ സാധ്യമാണെന്ന് എസ്.എഫ്.ഡി.എ അറിയിച്ചു. ഓൺലൈൻ വഴി ക്ലിയറൻസ് അഭ്യർഥനകൾ സ്വീകരിച്ചും കോസ്മെറ്റിക് ഉൽപന്നങ്ങളുടെ ഇറക്കുമതി വേഗത്തിലാക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും.
ഇറക്കുമതി ചെയ്യുന്ന കമ്പനിക്ക് ghad.sfda.gov.sa എന്ന സൈറ്റിലെ ‘Ghad’ ടാബിൽ ഉൽപന്നങ്ങൾ രജിസ്റ്റർ ചെയ്ത് ആവശ്യമായ ലൈസൻസുകൾ നേടാൻ കഴിയും. ഇറക്കുമതി കമ്പനിക്ക് ക്ലിയറൻസ് സേവന സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യാനും സൗന്ദര്യവർധക ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാനും ഇറക്കുമതി ചെയ്ത സൗന്ദര്യവർധക ഉൽപന്നങ്ങൾക്ക് പ്രസക്തമായ വിശദാംശങ്ങൾ നൽകാനും കഴിയും. ചരക്ക് തുറമുഖത്ത് എത്തുന്നതിന് മുമ്പ് അപേക്ഷ എസ്.എഫ്.ഡി.എയുടെ അവലോകനത്തിനും ക്ലിയറൻസ് നടപടിക്രമങ്ങൾക്കും വേഗത്തിൽ വിധേയമാകും. നടപടിക്രമങ്ങൾ സ്റ്റാൻഡേർഡ് ചെയ്യുക, ക്ലിയറൻസ് അഭ്യർഥനകളുടെ സമർപ്പണവും ട്രാക്കിങ്ങും പ്രാപ്തമാക്കുക, സിസ്റ്റം ആക്സസ് ചെയ്യാൻ ഇറക്കുമതി ചെയ്യുന്നവർക്ക് ഒന്നിലധികം ഉപയോക്താക്കളെ അനുവദിക്കുക, അഭിപ്രായങ്ങളോടും അന്വേഷണങ്ങളോടും പ്രതികരിക്കുക എന്നിവയാണ് അതോറിറ്റി നൽകുന്ന മുഖ്യമായ സേവനങ്ങൾ. കൂടാതെ, സെൻട്രൽ ക്ലിയറൻസ് ബോഡികൾ, ഷിപ്മെൻറ് സർട്ടിഫിക്കറ്റുകൾ എന്നിവ നൽകുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യുന്നു.
ഇതുവരെ 70,000-ലധികം ക്ലിയറൻസ് അഭ്യർഥനകളും 50,000-ലധികം ഷിപ്മെന്റ് കൺഫോർമറ്റി സർട്ടിഫിക്കറ്റുകളും നൽകിയിട്ടുള്ള 4,000-ത്തിലധികം സൗന്ദര്യ വർധക ഉൽപന്ന ഇറക്കുമതിക്കാരെ എസ്.എഫ്.ഡി.എ ലിസ്റ്റ് ചെയ്തിട്ടുണ്ട്.