സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പ്രാബല്യത്തിൽ
രാജ്യത്ത് ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. ഒരു തൊഴിലുടമക്ക് കീഴിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന മന്ത്രിസഭാ തീരുമാനമാണ് നടപ്പായത്. 2023 മെയ് 17ന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഗാർഹിക തൊഴിലാളികളുടെ ഇൻഷുറൻസ് പോളിസിയിൽ പ്രാഥമിക പരിചരണം, പൊതുജനാരോഗ്യം, അത്യാഹിത കേസുകൾ എന്നിവ ഉൾപ്പെടുമെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ വക്താവ് ഇമാൻ അൽ തുവൈറഖി പറഞ്ഞു.
അസുഖമുണ്ടായാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനുള്ള കവറേജ്, ക്ലിനിക്കുകളിൽ അടിയന്തര ചികിത്സ ലഭ്യമാക്കുക, പ്രതിരോധ കുത്തിവെപ്പുകൾ, ആരോഗ്യ പരിശോധനകൾ എന്നിവ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടും. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ മെഡിക്കൽ ഫോം സമർപ്പിക്കുകയും ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയുടെ അപ്രൂവൽ നേടുകയും വേണം. എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. ഇതെല്ലാം പൊതുവായ നിബന്ധനകളാണെന്നും വക്താവ് പറഞ്ഞു.
എല്ലാ ഗുണഭോക്താക്കൾക്കും പൂർണമായ പരിചരണവും പ്രതിരോധവും ലഭിക്കുന്നതിനും നീതി, സുതാര്യത, മികവിലും പ്രകടനത്തിലും മികവ് കൈവരിക്കുന്നതിനും പങ്കാളികളെ പ്രാപ്തരാക്കുന്നതിനുമാണ് ഈ തീരുമാനം. സമഗ്രമായ ആരോഗ്യ പരിരക്ഷ കൈവരിക്കുക, ആരോഗ്യ പരിരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുക, പുതിയ ഉൽപന്നങ്ങൾ നൽകുന്നതിന് ആരോഗ്യ ഇൻഷുറൻസ് കമ്പനികളെയും ആരോഗ്യ പരിരക്ഷാ സേവന ദാതാക്കളെയും ഉത്തേജിപ്പിക്കുക, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വക്താവ് പറഞ്ഞു.