അനുമതിയില്ലാതെ ഹജ്ജിനെത്തിയാൽ 10,000 റിയാൽ പിഴ -ആഭ്യന്തര മന്ത്രാലയം
അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയാൽ 10,000 റിയാൽ പിഴയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്കുള്ള ശിക്ഷാനടപടികൾ വിശദീകരിച്ചപ്പോഴാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 2024 ജൂൺ രണ്ട് (ദുൽഖഅദ് 25) മുതൽ 20 വരെ മക്ക നഗരം, ഹറം പരിസരം, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ അൽഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സുരക്ഷാ ചെക്ക് പോയന്റുകൾ, സോർട്ടിങ് സെന്ററുകൾ, താൽക്കാലിക സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റില്ലാതെ പിടിക്കപ്പെടുന്നവർക്കെതിരെയാണ് ശിക്ഷാനടപടികളുണ്ടാകുക.
ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിച്ച് നിശ്ചിത സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന ഹജ്ജ് പെർമിറ്റ് ഇല്ലാത്ത എല്ലാ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും 10,000 റിയാൽ പിഴയുണ്ടാകും. താമസക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുകയും നിയമപരമായി നിർദിഷ്ട കാലയളവിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്യും. ലംഘനം ആവർത്തിച്ചാൽ നിയമ ലംഘകർ പിഴ ഇരട്ടി നൽകേണ്ടിവരും. തീർഥാടകർക്ക് അവരുടെ കർമങ്ങൾ സുരക്ഷിതമായും ആശ്വാസത്തോടും നിർവഹിക്കാൻ എല്ലാവരും ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
അതേ സമയം, ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിച്ച് പെർമിറ്റ് ഇല്ലാത്ത ആളുകളെ മക്കയിലേക്ക് കടത്തുമ്പോൾ പിടിക്കപ്പെടുന്ന കരിയർമാർക്ക് ആറ് മാസം വരെ തടവും 50,000 റിയാൽ വരെ പിഴയുണ്ടാകും. കോടതിവിധിയനുസരിച്ച് വാഹനം കണ്ടുകെട്ടും. നിയമലംഘനം നടത്തുന്ന കരിയർ വിദേശിയാണെങ്കിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തും. നിയമം അനുശാസിക്കുന്ന കാലയളവുകൾ അനുസരിച്ച് രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കും. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴ വർധിക്കും. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അവ റിപ്പോർട്ടുചെയ്യുന്നതിന് മക്ക, റിയാദ്, ശർഖിയ മേഖലകളിലുള്ളവർ 911 നമ്പറുകളിലേക്കും രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ള 999 നമ്പറുകളിലേക്കും വിളിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.