ഹജ്ജ് സമ്മേളനവും പ്രദർശനവും ജനുവരി 13 മുതൽ ജിദ്ദ സൂപ്പർ ഡോമിൽ
2025 ലെ ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി നാലാമത് ഹജ്ജ് സമ്മേളനവും പ്രദർശനവും ജനുവരി 13 മുതൽ 16 വരെ ജിദ്ദ സൂപ്പർ ഡോമിൽ നടക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം, വിവിധ വകുപ്പ് മന്ത്രിമാർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാർ, അക്കാദമിക് വിദഗ്ധർ, നയതന്ത്രജ്ഞർ, 87 രാജ്യങ്ങളിലെ സ്വകാര്യ, പൊതു സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, അനുഭവങ്ങളുടെ കൈമാറ്റം, മക്കയിലും മദീനയിലും ഹജ്ജ് കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്കിടയിൽ മത്സരക്ഷമതയും സുതാര്യതയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഹജ്ജ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹജ്ജ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനും തീർഥാടന മേഖലയിലെ നൂതനപദ്ധതികളെ പ്രയോഗവത്കരിക്കാനുള്ള വഴികൾ കണ്ടെത്താനുമായി വിവിധ സെഷനുകളിലായി നൂറോളം പ്രഭാഷണങ്ങൾ, 47 പാനൽ ചർച്ചകൾ, 50 ശിൽപശാലകൾ എന്നിവ സമ്മേളനത്തിൽ അവതരിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് 50,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പ്രത്യേക പ്രദർശനവും ഒരുക്കുന്നുണ്ട്.