സൗദി കിരീടാവകാശിയുമായി ചർച്ച നടത്തി ഗ്രീക്ക് പ്രധാനമന്ത്രി
ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. അൽഉലയിലെ ശൈത്യകാല ക്യാമ്പിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സ്വീകരണച്ചടങ്ങിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങൾ അവലോകനം ചെയ്തു.
വിവിധ മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിൽ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള സംഭവവികാസങ്ങളെക്കുറിച്ചും അതിനായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ കൈമാറി. തിങ്കളാഴ്ചയാണ് ഗ്രീക്ക് പ്രധാനമന്ത്രി അൽഉലയിലെത്തിയത്. അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിൽ മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അൽ ഖസബി എന്നിവർ ചേർന്ന് സ്വീകരിച്ചു.