ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലെ ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു
സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലെ ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു. ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നിന്ന് ഓരോ രണ്ട് മണിക്കൂർ ഇടവേളകളിലും ഷട്ടിൽ സർവീസ് ഉണ്ടായിരിക്കും. ജിദ്ദയിൽ നിന്ന് രാവിലെ 10 മണിക്കാണ് സർവീസുകൾ ആരംഭിക്കുക.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഒന്നിൽ നിന്നാണ് സൗജന്യ ബസ് സർവീസ് നടത്തുക. ജിദ്ദ വിമാനത്താവളത്തിലെത്തുന്ന തീർഥാടകർക്ക് വേഗത്തിൽ മക്കയിലെ ഹറം പള്ളിയിലെത്തുന്നതിന് വേണ്ടിയാണ് പുതിയ സേവനം ആരംഭിക്കുന്നത്. സ്വദേശികളാണെങ്കിൽ ദേശീയ തിരിച്ചറിയൽ രേഖയും വിദേശികൾ അവരുടെ പാസ്പോർട്ടും കാണിക്കേണ്ടതാണ്.
രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ ഓരോ രണ്ട് മണിക്കൂർ ഇടവേളകളിലും വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്കുള്ള ബസ് പുറപ്പെടും. ഉച്ചക്ക് 12 മുതൽ രാത്രി 12 മണിവരെ മക്കയിലെ ഹറം പള്ളിയിൽ നിന്ന് വിമാനത്താവളത്തിലേക്കും ഷട്ടിൽ സർവീസ് ക്രമീകരിച്ചിട്ടുണ്ട്. ജിദ്ദയിൽ നിന്നും ഹറം പള്ളിയിലേക്ക് വേഗത്തിലെത്താൻ സഹായകരമാകുന്ന അതിവേഗ ഹൈവേയുടെ ജോലി പുരോഗമിച്ച് വരികയാണ്.