സൗദിയിൽ ആദ്യമായി പത്ത് സ്വകാര്യ കോളേജുകൾക്ക് അനുമതി നൽകി
സൗദിയിൽ ആദ്യമായി സ്വകാര്യ കോളേജുകൾക്ക് അനുമതി. പത്ത് കോളേജുകൾക്കാണ് അനുമതി നൽകിയത്. കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സൗദിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് പുതിയ തീരുമാനം. തീരുമാനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക മന്ത്രിക്കും, ഉപമന്ത്രിക്കും ചുമതല നൽകി.
സൗദിയിൽ വിദ്യാഭ്യാസ മേഖലയിൽ നേരത്തെ വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിക്ഷേപങ്ങൾ അനുവദിക്കുന്നത് വർധിച്ചിട്ടുണ്ട്. റിയാദിൽ ഈ വർഷം മാത്രം പത്തിലേറെ സ്‌കൂളുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇതിന്റെ തുടർച്ചയായാണിപ്പോൾ സ്വകാര്യ കോളേജുകൾക്കും അനുമതി നൽകിയിട്ടുള്ളത്. എന്നാൽ വിദേശ കോളേജുകൾക്ക് അനുമതി നൽകുമെന്ന കാര്യത്തിൽ ഈ ഉത്തരവിൽ വ്യക്തതയില്ല. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
സ്വകാര്യമേഖലയിൽ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രമായ നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷൻ, ഫ്രാൻസിന്റെ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിങ് സപ്പോർട്ട് ബ്യൂറോ എന്നിവയുമായി മന്ത്രിമാർ ധാരണ പത്രം തയ്യാറാക്കും. ഇതിനായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കും. സ്വകാര്യ നിക്ഷേപങ്ങൾ ഇതിനായി സ്വീകരിക്കും. ഫ്രാൻസിന്റെ സാമ്പത്തിക പിന്തുണയോടു കൂടിയായിരിക്കും പദ്ധതി നടപ്പിലാവുക.