മദീനയിലെ ‘ശൗറാൻ പാതകളുടെ’ആദ്യഘട്ടം പൂർത്തിയായി
പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് മദീനയിൽ നടപ്പാക്കുന്ന ‘ശൗറാൻ’ പാത നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. മദീനയുടെ തെക്ക് ശൗറാൻ ഡിസ്ട്രിക്റ്റിൽ മുനിസിപ്പാലിറ്റിയാണ് ഇത് നടപ്പാക്കുന്നത്. ആദ്യഘട്ടം 85,300 ചതുരശ്ര മീറ്റർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ഘട്ടത്തിൽ, 1,650 മീറ്റർ നീളമുള്ള പ്രധാന നടപ്പാതകൾ, 1,420 മീറ്റർ നീളമുള്ള സൈക്കിൾ പാതകൾ, 31,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹരിതയിടങ്ങൾ, 2,350 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഏഴ് നിക്ഷേപ മേഖലകൾ, സ്പോർട്സ് മൈതാനം, വാഹന പാർക്കിങ് ഏരിയ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
മുനിസിപ്പാലിറ്റി നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. മികച്ച സേവനങ്ങൾ നൽകുന്നതിനും നഗരങ്ങളുടെ വികസനവും സാമ്പത്തിക സുസ്ഥിരതയും കൈവരിക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും ‘ശൗറാൻ’മേഖലയിലെ വിനോദസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പാർപ്പിടത്തിനും വിനോദത്തിനും നിക്ഷേപത്തിനുമുള്ള ആകർഷകമായ കേന്ദ്രമാക്കുന്നതിനുമാണ്.
അതോടൊപ്പം ദൃശ്യവൈകൃതങ്ങൾ ഇല്ലാതാക്കുന്നതിനും തുറസ്സായ ഇടങ്ങൾ വർധിപ്പിക്കുന്നതിനും പുതിയ നിക്ഷേപാവസരങ്ങൾ ആകർഷിക്കുന്നത് നിക്ഷേപ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. മദീന മുനിസിപ്പാലിറ്റി സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ‘ശൗറാൻ പാതകൾ’. ശൗറാൻ പരിസരത്ത് മൊത്തം 9,62,710 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൂന്ന് പാതകൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.