സൗദി അറേബ്യയിൽ വിമാന റിപ്പയറിംഗ് കേന്ദ്രം സ്ഥാപിക്കുന്നു
രാജ്യത്ത് അന്താരാഷ്ട്ര നിലവാരമുള്ള വിമാന റിപ്പയറിങ് കേന്ദ്രം സ്ഥാപിക്കാൻ ഈ മേഖലയിലെ ഭീമൻ കമ്പനികളായ ലോക്ഹീഡ് മാർട്ടിൻ, എയർബസ് ഹെലികോപ്റ്റേഴ്സ് കമ്പനികളുമായി കരാറൊപ്പിട്ട് സൗദി മിലിട്ടറി ഇൻഡസ്ട്രീസ് (സാമി). സൗദി പൊതുനിക്ഷേപ ഫണ്ടിന് കീഴിലുള്ള പ്രതിരോധ കമ്പനിയാണ് സൗദി മിലിട്ടറി ഇൻഡസ്ട്രീസ് (സാമി).
അന്താരാഷ്ട്ര കമ്പനികളുമായി രണ്ട് കരാറുകളിലാണ് ഒപ്പുവെച്ചത്. ഈ മാസം 22 മുതൽ 26 വരെ ബ്രിട്ടനിൽ നടക്കുന്ന ഫാൺബറോ ഇൻറർനാഷനൽ എയർഷോ പരിപാടിക്കിടെയാണ് കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.
ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് ഗവർണർ എൻജി. അഹമ്മദ് അൽ ഒഹാലി, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് അൽ ദുവൈലെജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സി-130 ഹെർക്കുലീസ് വിമാനങ്ങളുടെ അറ്റകുറ്റപ്പണി, റിപ്പയറിങ്, ഓവർഹോൾ (എം.ആർ.ഒ) എന്നീ കാര്യങ്ങൾക്കായാണ് ലോക്ക്ഹീഡ് മാർട്ടിനുമായുള്ള കരാർ. ഹെലികോപ്റ്റർ അറ്റകുറ്റപ്പണികൾക്കാണ് എയർബസ് ഹെലികോപ്റ്റർ കമ്പനിയുമായുള്ള കരാർ.
ലോക്ഹീഡ് മാർട്ടിൽ നിന്നുള്ള സി-130 ഹെർക്കുലീസ് വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും റിപ്പയറിങ്ങിനും ഓവർഹോളിനുമായി ഔദ്യോഗിക കേന്ദ്രം സ്വന്തമായുള്ള 14 രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ സൗദി അറേബ്യയും ഇടംപിടിക്കും.
ഈ ഘട്ടം പ്രത്യേക പ്രാധാന്യമുള്ളതാണെന്നും അത് ഉയർന്ന അന്തർദേശീയ നിലവാരമനുസരിച്ച് അറ്റകുറ്റപ്പണികൾ, റിപ്പയറിങ്, ഓവർഹോൾ, എൻജിനീയറിങ് സേവനങ്ങൾ എന്നിവ നൽകിക്കൊണ്ട് സി-130 ഹെർക്കുലീസ് വിമാനങ്ങളെ ശക്തിപ്പെടുത്തുമെന്ന് സൗദി മിലിട്ടറി ഇൻഡസ്ട്രീസ് കമ്പനിയുടെ ഏവിയേഷൻ ആൻഡ് സ്പേസ് സെക്ടർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് എൻജി. അബ്ദുൽ സലാം അൽ ഗാംദി പറഞ്ഞു.
സിസ്റ്റങ്ങളുടെയും ഘടനകളുടെയും പരിഷ്കരണ സേവനങ്ങൾക്ക് പുറമേയാണിത്. രണ്ടാമത്തെ കരാർ പ്രകാരം സൗദി മിലിട്ടറി ഇൻഡസ്ട്രീസ് കമ്പനി എയർബസ് ഹെലികോപ്റ്റർ കമ്പനിയുമായുള്ള പങ്കാളിത്തത്തിൽ ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികൾ, ഓവർഹോൾ എന്നിവ സ്വദേശിവത്കരിക്കാൻ ശ്രമിക്കും. ഹെലികോപ്റ്റർ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണിയിൽ രാജ്യത്തിനുള്ളിലെ ഈ രംഗത്തെ ശേഷി വർധിപ്പിക്കാൻ ഈ കരാർ ലക്ഷ്യമിടുന്നുവെന്നും അൽഗാംദി പറഞ്ഞു.
തന്ത്രപരമായ ഈ പങ്കാളിത്തങ്ങൾ ഞങ്ങളുടെ പ്രാദേശിക കഴിവുകൾ ശക്തിപ്പെടുത്തുന്നതും മേഖലയിലെ വ്യോമയാന, ബഹിരാകാശ മേഖലയെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സൗദി മിലിട്ടറി ഇൻഡസ്ട്രീസ് കമ്പനി സി.ഇ.ഒ എൻജി. വലീദ് ബിൻ അബ്ദുൽ മജീദ് അബു ഖാലിദ് പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര കമ്പനികളുമായി പരിശീലന പരിപാടികൾ നൽകി ദേശീയ കേഡറുകളെ ശാക്തീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണിത്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണിതെന്നും അബു ഖാലിദ് പറഞ്ഞു.