പരിസ്ഥിതി സംരക്ഷണം ; കരാറിൽ ഒപ്പ് വെച്ച് സൗദി അറേബ്യയും കുവൈത്തും
സൗദി അറേബ്യയും കുവൈത്തും തമ്മിൽ പരിസ്ഥിതി സംരക്ഷണത്തിനായുള്ള സാങ്കേതിക സഹകരണം വർധിപ്പിക്കാൻ ധാരണപത്രത്തിൽ (എം.ഒ.യു) ഒപ്പുവെച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന സൗദി-കുവൈത്ത് കോഓഡിനേഷൻ കൗൺസിലിന്റെ രണ്ടാം യോഗത്തോടനുബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെയും കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ- അൽ യഹ്യയുടെയും സാന്നിധ്യത്തിലാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിൽ സൽമാൻ രാജാവിന്റെയും കുവൈത്ത് അമീർ ശൈഖ് മിഷാലിന്റെയും പ്രതിബദ്ധത അമീർ ഫൈസൽ എടുത്തുപറഞ്ഞു. ഇരു മന്ത്രിമാരും യോഗത്തിന് നേതൃത്വം നൽകുകയും യോഗത്തിന്റെ മിനുട്സിൽ ഒപ്പുവെക്കുകയും ചെയ്തു. പ്രിൻസ് സൗദ് അൽ ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസും ശൈഖ് സൗദ് നാസർ അൽ സബാഹ് കുവൈത്ത് ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ സംയുക്ത സഹകരണ പ്രോഗ്രാമിലും ഒപ്പുവെച്ചിട്ടുണ്ട്.