മക്കയിലേക്കുള്ള പ്രവേശന വിലക്ക് പ്രാബല്യത്തിൽ വന്നു
പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തുന്ന വിലക്ക് 2023 ജൂൺ 23, വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മക്ക നഗരത്തിലേക്കും, വിശുദ്ധ ഇടങ്ങളിലേക്കും പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനുള്ള പ്രത്യേക പരിശോധനകൾ ജൂൺ 23-ന് ഉച്ചയ്ക്ക് 12 മണിമുതൽ മക്കയിലേക്കുള്ള എൻട്രി പോയിന്റുകളിൽ ട്രാഫിക് പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
ഈ വിലക്ക് 2023 ജൂലൈ 1 വരെ നീണ്ട് നിൽക്കുന്നതാണ്. ഹജ്ജ് പെർമിറ്റുകളില്ലാത്തവരെയും വഹിച്ച് കൊണ്ട് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹജ്ജ് സെക്യൂരിറ്റി ഫോഴ്സസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ആറ് മാസം വരെ തടവും, അമ്പതിനായിരം റിയാൽ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുന്നതാണ്.
ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന പ്രവാസികളെ ശിക്ഷാ നടപടികൾക്ക് വിധേയരാക്കിയ ശേഷം സൗദി അറേബ്യയിൽ നിന്ന് നാട് കടത്തുന്നതാണ്. ഇവർക്ക് പിന്നീട് ഒരു നിശ്ചിത കാലയളവിലേക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കുന്നതല്ല.