സൗദി അറേബ്യ യുറേനിയം ഖനനം ചെയ്ത് വിൽപന നടത്തുമെന്ന് ഊർജ മന്ത്രി
സൗദി അറേബ്യ യുറേനിയം ഖനനം ചെയ്ത് സമ്പുഷ്ടീകരിച്ച് വിൽപന നടത്താനുള്ള തയാറെടുപ്പിലാണെന്ന് ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. റിയാദിൽ ‘ഇക്തിഫാ 2025’ ഊർജ ഫോറത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. യുറേനിയം ഉൾപ്പെടെ നിരവധി ധാതുക്കൾ സ്വാഇദ് പർവതത്തിൽ അടങ്ങിയിരിക്കുന്നു. ഊർജ സുരക്ഷ കൈവരിക്കുന്നതിന് വ്യവസായങ്ങൾക്കുള്ള അടിസ്ഥാന വസ്തുക്കൾ ഞങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ശുദ്ധമായ ഊർജ സംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിന് നിർമാണ മേഖലയിൽ നിരവധി പദ്ധതികൾ ആരംഭിക്കുകയും 60 ലധികം കരാറുകൾ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. 130 ജിഗാവാട്ട് പുനരുപയോഗ ഊർജം കൈവരിക്കാനുള്ള ആഗ്രഹം രാജ്യത്തിനുണ്ട്. അതിന്റെ 20 ശതമാനം കരുതൽ ഊർജമാണ്. സൗദി സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ വളരുമെന്നും വികസിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ഊർജം ഈ അഭിലാഷങ്ങൾ നിറവേറ്റില്ലെന്ന് ഞങ്ങൾ ഭയപ്പെടുന്നു.
അതിനാൽ ഊർജത്തെയും സമ്പദ്വ്യവസ്ഥയെയും സംബന്ധിച്ച് ശരിയായ ലക്ഷ്യം നിശ്ചയിക്കണം. ഊർജമില്ലാതെ, സമൃദ്ധമായ ഭാവിയില്ല, കഠിനാധ്വാനത്തിലൂടെ മാത്രമെ ഇത് നേടാനാകൂവെന്നും ഊർജ മന്ത്രി പറഞ്ഞു. ഊർജ പരിവർത്തനത്തിനും വിതരണത്തിനും സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യം പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒപ്പം എല്ലാ വെല്ലുവിളികളും പരിഹരിക്കുന്നതിന് ശരിയായ പോയന്റുകൾ സജ്ജീകരിക്കുകയും ഈ മേഖലയിൽ നിരവധി നിക്ഷേപങ്ങളോടെ നിരവധി കേന്ദ്രങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.