കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് അറബ് പാർലമെന്റിന്റെ പുരസ്കാരം
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് അറബ് പാർലമെന്റിന്റെ ‘ലീഡേഴ്സ് മെഡൽ’ സമ്മാനിച്ചു. അറബ് പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിലും സംയുക്ത അറബ് പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും കിരീടാവകാശി നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമായാണിത്. ജിദ്ദയിൽ വെച്ച് അറബ് പാർലമെൻറ് സ്പീക്കർ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽ അസൂമിയാണ് മെഡൽ സമ്മാനിച്ചത്. കിരീടാവകാശി മുൻ കൈയ്യെടുത്ത് നടത്തുന്ന ശ്രമങ്ങൾക്കും ഉറച്ച നിലപാടുകൾക്കുമുള്ള അറബ് ജനതയുടെ അഭിനന്ദനവും നന്ദിയും അറബ് പാർലമെന്റ് സ്പീക്കർ കിരീടാവകാശിയെ അറിയിച്ചു.
കിരീടാവകാശിക്ക് സമ്മാനിച്ച അറബ് പാർലമെന്റിന്റെ ‘ലീഡേഴ്സ് മെഡൽ’ പരമോന്നത ബഹുമതിയും വലിയ അംഗീകാരവുമാണെന്ന് സൗദി ശൂറാ കൗൺസിൽ സ്പീക്കർ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലുശൈഖ് പറഞ്ഞു. അറബ് ബന്ധം മെച്ചപ്പെടുത്തുന്നതിന് കിരീടാവകാശി വഹിച്ച മഹത്തായ പങ്കിനും നടത്തുന്ന പരിശ്രമങ്ങൾക്കും അറബ് ജനതയിൽനിന്നുള്ള അഭിനന്ദനത്തിന്റെ പ്രതീകമാണ് ഈ മെഡൽ.
സുരക്ഷയും രാഷ്ട്രീയ സ്ഥിരതയും സമാധാനവും കൈവരിക്കുന്നതിന് വേണ്ടി നടത്തുന്ന പരിശ്രമങ്ങൾക്കും ശക്തവും സുസ്ഥിരവുമായ വികസനത്തിൽ എത്തിച്ചേരാനുള്ള അറബ് ലോകത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്ക്കരിക്കാനുള്ള വിവേക പൂർണമായ കാഴ്ചപ്പാടോടെയുള്ള പ്രവർത്തനങ്ങൾക്കും നിലവിൽ ഈ മേഖല കടന്നുപോകുന്ന പ്രതിസന്ധികൾക്ക് അറുതിവരുത്താനുള്ള ശ്രമങ്ങൾക്കും ലഭിക്കുന്ന അംഗീകാരമാണിതെന്നും ശൂറാ കൗൺസിൽ സ്പീക്കർ പറഞ്ഞു.