2030ഓടെ സൗദിയുടെ പ്രകൃതിവാതക ഉൽപാദനം 63 ശതമാനം ഉയരും
2030ഓടെ രാജ്യത്തെ പ്രകൃതിവാതക ഉൽപാദനം 63 ശതമാനം വർധിച്ച് പ്രതിദിനം 21.3 ശതകോടി ക്യുബിക് അടിയായി ഉയരുമെന്ന് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. ജഫൂറ പാടത്ത് വലിയ അളവിൽ വാതകം നൽകാൻ ഞങ്ങൾക്ക് അവസരങ്ങളുണ്ട്. ജഫൂറ എണ്ണപ്പാടത്തിന്റെ മൂന്നാമത്തെ വിപുലീകരണത്തിലൂടെ മൂന്ന് ശതകോടി ക്യുബിക് അടിയായി ഉൽപാദനം ഉയരുമെന്ന് മന്ത്രി വ്യക്തമാക്കി. ജഫൂറ പാടം വിപുലീകരണ പദ്ധതിയുടെ രണ്ടാംഘട്ടവും രാജ്യത്തെ പ്രധാന വാതകശൃംഖല വിപുലീകരണ പദ്ധതിയുടെ മൂന്നാംഘട്ടവും ആരംഭിക്കുന്നതിന്റെ ഭാഗമായി ദഹ്റാനിലെ സൗദി അരാംകോയുടെ ആസ്ഥാനത്ത് ഞായറാഴ്ച രണ്ട് കരാറുകളിൽ ഒപ്പുവെക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മൊത്തം കരാർ തുക 25 ശതകോടി ഡോളറാണ്. പ്രധാന വാതക കുഴൽശൃംഖലയുടെ നിലവിലെ ദൈർഘ്യം ഏകദേശം 4,000 കിലോമീറ്ററാണ്. വൈദ്യുതി, ജലശുദ്ധീകരണ പ്ലാൻറുകൾ, പെട്രോകെമിക്കൽ ഉൽപാദന പ്ലാൻറുകൾ എന്നിവയുൾപ്പെടെ 40 സ്ഥാപനങ്ങളുമായി പദ്ധതിയെ ബന്ധിപ്പിക്കും. രാജ്യം നിലവിൽ പ്രതിദിനം 13.5 ശതകോടി ക്യൂബിക് അടി വാതകം ഉൽപാദിപ്പിക്കുന്നുണ്ട്. അനുബന്ധ വാതകം കത്തിക്കുന്നത് നിർത്തലാക്കുന്നത് 10ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡിന് തുല്യമായത് നീക്കംചെയ്യുന്നതിന് സംഭാവന ചെയ്യുമെന്നും ഊർജ മന്ത്രി പറഞ്ഞു.
മൂന്നാമത്തെ വിപുലീകരണം പ്രതിദിനം 3.15 ശതകോടി ക്യുബിക് അടി വാതക കുഴൽശൃംഖലയിലേക്ക് എത്തും. ഈ പദ്ധതിക്ക് സർക്കാർ ധനസഹായം നൽകുമെന്നും അതിന്റെ ഉടമസ്ഥതയിലുള്ളതായിരിക്കുമെന്നും ഊർജ മന്ത്രി പറഞ്ഞു. വരുമാനം ഉണ്ടാക്കി രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ വർധിപ്പിക്കാൻ ഇത് സഹായിക്കും. അറ്റകുറ്റപ്പണികൾ അരാംകോ ആയിരിക്കും നടത്തുകയെന്നും മന്ത്രി പറഞ്ഞു. ജഫൂറ പാടത്തിന്റെ വികസനവും ഗ്യാസ് പൈപ്പ്ലൈൻ ശൃംഖലയുടെ വിപുലീകരണവും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന് സംഭാവന നൽകുമെന്ന് ഊർജ മന്ത്രി പറഞ്ഞു.
രണ്ട് പദ്ധതികളും പൂർത്തിയാകുമ്പോൾ പ്രതിവർഷ വരുമാനം ഏകദേശം 20 ശതകോടി ഡോളർ ആകും. 2030ഓടെ സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ ഗ്യാസ് പര്യവേക്ഷണവും ഡ്രില്ലിങ് പ്രോജക്ടുകളും വർധിപ്പിക്കുന്നതിന് ഞങ്ങൾ അരാംകോയുമായി ചേർന്ന് പ്രവർത്തിക്കും. 2040ലെ ലക്ഷ്യങ്ങളുമായി മുന്നേറാൻ ഞങ്ങൾ ഇപ്പോൾ മുതൽ തയാറായാകുകയാണ്. അരാംകോ പ്രസിഡൻറ് അമീൻ നാസറിന് താൻ കത്തയച്ചിട്ടുണ്ട്. അതിൽ ‘അടുത്ത വിപുലീകരണം വരുന്നു’എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ ഞങ്ങൾ ഇപ്പോഴും റെക്കോർഡ് സംഖ്യകൾ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അരാംകോയിലും ‘സാബിക്കി’ലും പൊതുവേ ഊർജ മേഖലയിലും ഞങ്ങൾ വിജയിച്ചിട്ടുണ്ടെന്നും ഊർജ മന്ത്രി പറഞ്ഞു.