ആഗോള സ്മാർട്ട് സിറ്റികളുടെ നിരയിലേക്ക് ഇനി അൽഖോബാറും
അന്താരാഷ്ട്ര ഏജൻസിയായ ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറിന്റെ (ഐ.എം.ഡി) 2024ലെ റാങ്കിങ്ങിൽ അൽഖോബാറിനെ സ്മാർട്ട് സിറ്റിയായി അംഗീകരിച്ചു. ലോകമെമ്പാടുമുള്ള 142 നഗരങ്ങളിൽ അൽഖോബാർ 99-ാം സ്ഥാനത്ത് എത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. റിയാദ്, മക്ക, മദീന, ജിദ്ദ എന്നിവയുടെ നിരയിൽ സ്മാർട്ട് സിറ്റിയായി അംഗീകരിക്കപ്പെടുന്ന അഞ്ചാമത്തെ സൗദി നഗരമായി ഇതോടെ അൽഖോബാർ. ഈ നേട്ടം സാങ്കേതിക മേഖലയിൽ രാജ്യത്തിന്റെ തുടർച്ചയായ പുരോഗതിക്ക് അടിവരയിടുന്നു. മികച്ചതും സുസ്ഥിരവുമായ സമൂഹ സൃഷ്ടിക്ക് നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും സംയോജിപ്പിക്കുന്നതിനുമുള്ള ഒരു നഗരത്തിന്റെ ശേഷിയാണ് ഐ.എം.ഡിയുടെ സ്മാർട്ട് സിറ്റി സൂചിക. ആരോഗ്യം, സുരക്ഷ, വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ, ചലനാത്മകത, സാംസ്കാരിക പ്രവർത്തനങ്ങൾ, ഭരണം, സാമ്പത്തിക- സാങ്കേതിക- മാനുഷിക വശങ്ങൾ തമ്മിലുള്ള സന്തുലിതാവസ്ഥ എന്നിവയുൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ വിലയിരുത്തുന്നത്.
വിഭവ ഉപയോഗം സ്വീകരിക്കുന്നതിനും കാർബൺ ഉദ്വമനം കുറക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങളോട് കൂടുതൽ ഫലപ്രദമായി പ്രതികരിക്കുന്നതിനും സ്മാർട്ട് സിറ്റികൾ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. സ്മാർട്ട് സിറ്റി ഇൻഡക്സിൽ അൽഖോബാറിനെ ഉൾപ്പെടുത്തിയതിൽ ഏറെ അഭിമാനമുള്ളതായി ഷർഖിയ വികസന അതോറിറ്റി എൻജി. സി.ഇ.ഒ ഒമർ അൽ അബ്ദുല്ലത്തീഫ് പറഞ്ഞു. സൗദി അറേബ്യയുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും കിഴക്കൻ പ്രവിശ്യാ ഗവർണറുടെ തന്ത്രപ്രധാനമായ നിർദേശങ്ങളും വഴി വിവിധ മേഖലകളിലെ രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്മാർട്ട് സിറ്റി എന്ന നിലയിൽ അൽ-ഖോബാറിന്റെ പദവി ആഗോള നിക്ഷേപങ്ങളെയും പുതിയ കമ്പനികളെയും പദ്ധതികളെയും ആകർഷിക്കുമെന്നും അതുവഴി സാമ്പത്തിക വളർച്ചക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.