ലബനാനിലേക്ക് ദുരിതാശ്വാസ സഹായമയക്കും; സൗദി
ലബനാനിലേക്ക് ദുരിതാശ്വാസ സഹായം അയക്കുമെന്ന് സൗദി അറേബ്യ. ലബനാൻ ജനതക്ക് വൈദ്യസഹായവും ദുരിതാശ്വാസ സഹായവും എത്തിക്കാനുള്ള നിർദേശം സൗദി ഭരണകൂടം പുറപ്പെടുവിച്ചു. നിർണായക സാഹചര്യങ്ങളിൽ ലബനാനിലെ സഹോദരങ്ങളെ പിന്തുണക്കുന്നതിനുള്ള രാജ്യത്തിന്റെ നിലപാടിന്റെ ഭാഗമായാണിത്. ലബനാനിലെ നിലവിലെ സംഭവ വികാസങ്ങളെ ഉത്കണ്ഠയോടെയാണ് പിന്തുടരുന്നതെന്നും സൗദി വ്യക്തമാക്കി.
ലബനാന്റെ പരമാധികാരവും പ്രദേശിക അഖണ്ഡതയും സംരക്ഷിക്കേണ്ടതിന്റെയും പ്രത്യാഘാതങ്ങൾ നേരിടാൻ ലബനാൻ ജനതക്ക് പിന്തുണ നൽകേണ്ടതിന്റെയും മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കേണ്ടതിന്റെയും ആവശ്യകതയും സൗദി ഊന്നിപ്പറഞ്ഞു. പ്രാദേശിക സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനും മേഖലയെയും ജനങ്ങളെയും യുദ്ധത്തിന്റെ അപകടങ്ങളിൽനിന്നും ദുരന്തങ്ങളിൽനിന്നും രക്ഷിക്കാനുമുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നുവെന്നും സൗദി വ്യക്തമാക്കി.
അതേ സമയം, ലബനാൻ ജനതക്ക് വൈദ്യസഹായവും ദുരിതാശ്വാസ സഹായവും നൽകാൻ സൗദി ഭരണകൂടത്തിന്റെ ഉദാരനിർദേശങ്ങളെ മുസ്ലിം വേൾഡ് ലീഗ് പ്രശംസിച്ചു. അറബ്, ഇസ്ലാമിക രാജ്യങ്ങളിൽനിന്നുള്ള തങ്ങളുടെ സഹോദരങ്ങളെ ദുഷ്കരവും പ്രയാസകരവുമായ സാഹചര്യങ്ങളിൽ അവർക്ക് സഹായവും പിന്തുണയും നൽകുന്നതിനുള്ള സൗദി ഭരണകൂടത്തിന്റെ ഉദാര സമീപനങ്ങൾ ആശ്ചര്യകരമല്ലെന്നും മുസ്ലിം വേൾഡ് ലീഗ് പറഞ്ഞു.