അറബ് മന്ത്രിതല സമിതിയുടെ യോഗം ചേർന്നു ; സിറിയയിൽ സമഗ്ര രാഷ്ട്രീയ പ്രക്രിയയ്ക്ക് അറബ് പിന്തുണ
സിറിയയിൽ സമഗ്ര രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നതിന് അറബ് ലോകത്തിന്റെ പിന്തുണ. സിറിയൻ വിഷയത്തിൽ അറബ് ലീഗിന്റെ തീരുമാനപ്രകാരം രൂപവത്കരിച്ച അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാൾ ഉൾപ്പെട്ട സമിതിയുടെ യോഗമാണ് സമാധാനപരമായ സിറിയൻ രാഷ്ട്രീയ പരിവർത്തന പ്രക്രിയക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. സിറിയൻ ജനതക്കൊപ്പം നിൽക്കാനും ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് എല്ലാ സഹായവും പിന്തുണയും നൽകാനും ജനഹിതത്തെയും തെരഞ്ഞെടുപ്പുകളെയും മാനിക്കാനും ജോർഡനിലെ അഖബയിൽ നടന്ന യോഗത്തിൽ പുറത്തിറക്കിയ അന്തിമ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
സ്ത്രീകൾ, യുവജനങ്ങൾ, സിവിൽ സമൂഹം എന്നിവയുൾപ്പെടെ എല്ലാ സിറിയൻ രാഷ്ട്രീയ-സാമൂഹിക ശക്തികൾക്കും രാഷ്ട്രീയ പ്രക്രിയയിൽ ന്യായമായ പ്രതിനിധാനം ഉണ്ടാകണം. 2254ആം നമ്പർ യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിന്റെ തത്ത്വങ്ങൾ, ലക്ഷ്യങ്ങൾ, സംവിധാനങ്ങൾ എന്നിവക്ക് അനുസൃതമായി യു.എന്നും അറബ് ലീഗും അതിന് മേൽനോട്ടം വഹിക്കണമെന്നും അന്തിമ പ്രസ്താവനയിൽ പറഞ്ഞു. സിറിയൻ സമവായത്തോടു കൂടിയ ഒരു പരിവർത്തന പ്രകിയ ഗവേണിങ് ബോഡി രൂപവത്കരിക്കുന്നതിന്റെ പ്രാധാന്യം സമിതി ഊന്നിപ്പറഞ്ഞു. പരിവർത്തന ഘട്ടത്തിൽനിന്ന് ഒരു പുതിയ രാഷ്ട്രീയ സംവിധാനത്തിലേക്ക് മാറുന്നതിന് പ്രമേയം വ്യക്തമാക്കിയ ഘട്ടങ്ങൾ നടപ്പാക്കാൻ ആരംഭിക്കണം. യു.എൻ മേൽനോട്ടത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളിലൂടെ സിറിയക്കാർ അംഗീകരിച്ച ഒരു പുതിയ ഭരണഘടനയെ അടിസ്ഥാനമാക്കി, പ്രമേയം അംഗീകരിച്ച സംവിധാനങ്ങൾക്കനുസൃതമായി നിർദിഷ്ട സമയത്തിനുള്ളിൽ സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റണം.
സിറിയയിലെ യു.എൻ പ്രതിനിധിയുടെ പങ്കിനെ പിന്തുണക്കാൻ സമിതി ആഹ്വാനം ചെയ്തു. അതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് യു.എൻ സെക്രട്ടറി ജനറലിനോട് അഭ്യർഥിച്ചു. സിറിയയിലെ പരിവർത്തന പ്രക്രിയയെ പിന്തുണക്കാനും സ്പോൺസർ ചെയ്യുന്നതിനും സഹായിക്കുന്നതിനും പ്രദേശിക നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രക്രിയ കൈവരിക്കാൻ ആ ജനതയെ സഹായിക്കുന്നതിന് ഒരു യു.എൻ ദൗത്യം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.