60000 ലഹരിഗുളികകളോടെ സൗദിയിൽ മൂന്ന് വിദേശികൾ പിടിയിൽ
റിയാദ് : മയക്കുമരുന്ന് കേസിൽ സൗദിയിൽ മൂന്ന് പേർ കൂടി പിടിയിൽ. മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന മൂന്നു വിദേശികളെ ജിദ്ദയില്‍ നിന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ്ചെയ്തത് . രണ്ടു സുഡാൻ പൗരന്മാരും ഒരു ഫലസ്തീൻ പൗരനുമാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ 60,000 ലഹരി ഗുളികകള്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.
അതേസമയം രാജ്യത്ത് താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ്. നിയമലംഘനങ്ങൾ നടത്തുന്നവരെ പിടികൂടി യഥാക്രമം ശിക്ഷകൾക്ക് ശേഷം നാടുകടത്തിക്കൊണ്ടിരിക്കുകയാണ്. പിടിയിലായി ജയിലിൽ കഴിയുന്നവരിൽ 10,034 വിദേശികളെ നിലവിൽ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി.എന്നാൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പുതുതായി 17,255 വിദേശികൾ കൂടി പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒക്ടോബര്‍ 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളില്‍, ഇഖാമ നിയമ ലംഘകരും, അതിർത്തി ലംഘകരും, തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 585 പേരാണ്. ഇവരിൽ 48 ശതമാനം യമനികളും 49 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 157 പേരും പിടിയിലായിട്ടുണ്ട്.