മൂന്നാമത് സൗദി മീഡിയ ഫോറം എക്സിബിഷന് ഇന്ന് സമാപനം
മൂന്നാമത് സൗദി മീഡിയ ഫോറം പരിപാടികൾക്ക് റിയാദിലെ അറീന ഫോർ എക്സിബിഷൻസ് ആൻഡ് കൺവെൻഷൻ സെന്ററിൽ ഇന്ന് തിരശീല വീഴും. പ്രധാന പരിപാടിയായ ഫ്യൂച്ചർ ഓഫ് മീഡിയ എക്സിബിഷൻ ‘ഫോമെക്സ്’ വാർത്താവിതരണ മന്ത്രി സൽമാൻ അൽദോസരി ഉദ്ഘാടനം ചെയ്തു. സൗദി ജേണലിസ്റ്റ് അസോസിയേഷനുമായി സഹകരിച്ച് റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷനാണ് ‘ഫോമെക്സ്’ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിച്ച പ്രദർശനപരിപാടിയാണ് ഇന്ന് സമാപിക്കുന്നത്.
സൗദി വിജ്ഞാനകോശത്തിനായുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ‘സൗദിപീഡിയ’യുടെ (saudipedia.com) ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി എൻജി. അബ്ദുല്ല അൽ സവാഹ, വാർത്ത വിതരണ അസിസ്റ്റന്റ് മന്ത്രി അബ്ദുല്ല അൽമഗ്ലൂത്ത്, സൗദി മീഡിയ ഫോറം ചെയർമാനും റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷൻ സി.ഇ.ഒയുമായ മുഹമ്മദ് അൽഹാർതി, അറബ്, അന്തർദേശീയ മാധ്യമപ്രവർത്തകർ, പ്രാദേശിക, അന്തർദേശീയ മാധ്യമ വ്യവസായികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.