മൂന്നാമത് ഫ്യൂച്ചർ ഏവിയേഷൻ 2024 സമ്മേളനത്തിന് ഉജ്ജ്വല തുടക്കം ; വ്യോമയാന മേഖലയിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കും
സൗദിയിൽ നടക്കുന്ന മൂന്നാമത് ഫ്യൂച്ചർ ഏവിയേഷൻ 2024 സമ്മേളനത്തിന് ഉജജ്വല തുടക്കം. റിയാദിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രിയും സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എഞ്ചിനീയർ സ്വാലിഹ് ബിൻ നാസർ അൽജാസർ ഉദ്ഘാടനം ചെയ്തു.
ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിന് കീഴിൽ സൗദി അറേബ്യ വിവിധ മേഖലകളിൽ വലിയതും അഭൂതപൂർവവുമായ നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് ഗതാഗത ലോജിസ്റ്റിക് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വ്യോമഗതാഗത മേഖലകളിൽ പ്രാദേശിക, അന്തർദേശീയ സ്വകാര്യ മേഖലകളിൽനിന്നുള്ള നിക്ഷേപകർക്ക് വലിയ അവസരങ്ങളാണുള്ളത്. വ്യോമയാന മേഖലയിൽ ഫലപ്രദവും ആഗോളവുമായ ഉന്നതി കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഇങ്ങനെയൊരു സമ്മേളനത്തിന് സൗദി ആതിഥേയത്വം വഹിക്കുന്നത്. കൗൺസിൽ ഓഫ് ദി ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ അംഗത്വത്തിന് മത്സരിച്ച് രാജ്യം വിജയിച്ചിരിക്കുന്നു. 2023ൽ 11.1 കോടി യാത്രക്കാരെന്ന റെക്കോർഡ് രാജ്യം കൈവരിച്ചു. സിവിൽ ഏവിയേഷൻ മേഖലയുടെ സാമ്പത്തിക നയം പ്രഖ്യാപിക്കുകയും നൂറുകണക്കിന് വിമാനങ്ങൾക്ക് ഓർഡർ നൽകുകയും ചെയ്തു. 2030ഓടെ 10 കോടി യാത്രക്കാർക്ക് ആതിഥ്യമരുളാൻ റിയാദിലെ കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളുടെ വിപുലീകരണത്തിന് പുറമേ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം തുറന്നതായും ഗതാഗത മന്ത്രി പറഞ്ഞു.
സിവിൽ ഏവിയേഷൻ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഫ്യൂച്ചർ ഏവിയേഷൻ സമ്മേളനത്തിൽ 30ലധികം മന്ത്രിമാർ, സിവിൽ ഏവിയേഷന്റെ 77 മേധാവികൾ, ലോകമെമ്പാടുമുള്ള എയർ കാരിയർ മേധാവികൾ, 120ലധികം രാജ്യങ്ങളിൽ നിന്നുള്ള 5,000 വ്യോമയാന വ്യവസായ വിദഗ്ധരും മേധാവികളും പങ്കെടുക്കുന്നുണ്ട്. 100 ബില്യൺ ഡോളറിന്റെ വ്യോമയാന മേഖലയിലെ നിക്ഷേപ സാധ്യതകളുടെ അവതരണത്തിന് സമ്മേളനം സാക്ഷ്യം വഹിക്കും. 12 ബില്യൺ ഡോളറിന്റെ 70ലധികം കരാറുകളും ഇടപാടുകളും സമ്മേളനത്തിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.