ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടാം ഘട്ട ഹജ്ജ് ബുക്കിംഗ് തുടങ്ങി; അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് ചെയ്തവർക്കും അപേക്ഷിക്കാം: സൗദി
ആഭ്യന്തര തീർഥാടകർക്കായി രണ്ടാം ഘട്ട ഹജ്ജ് ബുക്കിംഗ് ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അഞ്ചോ അതിലധികമോ വർഷം മുമ്പ് ഹജ്ജ് ചെയ്തവർക്ക് വീണ്ടും ഹജ്ജിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് രജിസ്ട്രേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ നുസുക് ആപ്ലിക്കേഷൻ വഴിയോ വേഗത്തിൽ അപേക്ഷിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.
വിട്ടുമാറാത്ത രോഗങ്ങളോ പകർച്ചവ്യാധികളോ ഇല്ലാത്തവരും പൂർണ ആരോഗ്യവാൻമാരുമായവർക്കാണ് അപേക്ഷിക്കാൻ അവസരം. ഒരു ബുക്കിംഗിൽ മഹ്‌റം (രക്തബന്ധു) ഉൾപ്പെടെ 13 കൂട്ടാളികളെ വരെ ചേർക്കാൻ അവസരമുണ്ടായിരിക്കും. എന്നാൽ അവരെല്ലാവരും ഒരേ പാക്കേജായിരിക്കണം തെരഞ്ഞെടുത്തത് എന്ന വ്യവസ്ഥയുണ്ട്. അതേസമയം, മഹ്‌റമിനെ സംബന്ധിച്ചിടത്തോളം, അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് ചെയ്യരുതെന്ന വ്യവസ്ഥ ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു. അത്തരമൊരു സാഹചര്യത്തിൽ, മഹ്‌റം അപേക്ഷയ്‌ക്കൊപ്പം ഇളവിനായുള്ള അഭ്യർത്ഥനയും സമർപ്പിക്കണം.
അപേക്ഷകർക്ക് നാല് പാക്കേജുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. മുൻഗണന അനുസരിച്ച് സീറ്റുകൾ ലഭ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ്-19, മസ്തിഷ്‌ക ജ്വരം, സീസണൽ ഇൻഫ്ലുവൻസ എന്നിവയ്‌ക്കെതിരെ ആവശ്യമായ വാക്‌സിനേഷനുകൾ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷം പുതിയ അപേക്ഷകർക്കുള്ള ഹജ്ജ് പെർമിറ്റ് വിതരണം ശവ്വാൽ 15ന് ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നേരത്തേ ഹജ്ജ് ബുക്കിംഗിൽ ഉപയോഗിക്കാത്ത മൊബൈൽ നമ്പർ ഉപയോഗിച്ച് അപേക്ഷകൻ നേരിട്ട് രജിസ്ട്രേഷൻ നടത്തണം.
ഏതെങ്കിലും കാരണത്താൽ ബുക്ക് ചെയ്ത് ഫീസ് അടച്ച ശേഷം തീർഥാടനത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ാഹചര്യമുണ്ടാവുകയാണെങ്കിൽ പെർമിറ്റ് റദ്ദ് ചെയ്യാൻ അനുമതിയുണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ അടച്ച തുക റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആഭ്യന്തര തീർഥാടകർക്കായുള്ള ആദ്യ ഘട്ട ബുക്കിംഗിൽ അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് ചെയ്തിട്ടില്ലാത്തവർക്ക് മാത്രമായിരുന്നു അവസരം നൽകിയിരുന്നത്. അവർക്ക് ആവശ്യമായ ക്വാട്ട അനുവദിച്ച ശേഷമാണ് രണ്ടാം ഘട്ട ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.