10 കോടി വിനോദസഞ്ചാരികളെത്തിയത് ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം
2023 അവസാനത്തോടെ 10 കോടി വിനോദസഞ്ചാരികളെന്ന ലക്ഷ്യം നേടാനായത് ആഘോഷമാക്കി സൗദി ടൂറിസം മന്ത്രാലയം. ഏഴുവർഷം മുമ്പായിരുന്നു ഈ ലക്ഷ്യം പ്രഖ്യാപിച്ചത്. ലക്ഷ്യം പൂർത്തീകരിക്കാനായത് 'വിഷൻ 2030'ൻറെ ഏറ്റവും സുപ്രധാന നേട്ടമായാണ് വിലയിരുത്തുന്നത്. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ തുവൈഖ് പാലസിൽ അരങ്ങേറിയ ആഘോഷത്തിൽ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ്, യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പ്രസിഡൻറ് സുറബ് പൊളോലികാഷ്വിലി, വേൾഡ് ടൂറിസം കൗൺസിൽ ഫോർ ട്രാവൽ ആൻഡ് ടൂറിസം പ്രസിഡൻറ് ജൂലിയ സിംപ്സൺ, നിരവധി മന്ത്രിമാരും വിശിഷ്ട വ്യക്തികളും അംബാസഡർമാരും പ്രാദേശിക, അന്തർദേശീയ നിക്ഷേപകരും ടൂറിസം മേഖലയിലെ വിദഗ്ധരും, പ്രാദേശിക, അന്തർദേശീയ മാധ്യമപ്രവർത്തകരും പങ്കെടുത്തു. വിനോദസഞ്ചാര മേഖലക്കുനൽകുന്ന പരിധിയില്ലാത്ത പിന്തുണക്ക് ഭരണകൂടത്തിന് ടൂറിസം മന്ത്രി നന്ദി പറഞ്ഞു. സൗദി ടൂറിസം മേഖല ഇന്ന് സാക്ഷ്യം വഹിക്കുന്ന അഭൂതപൂർവമായ പരിവർത്തനത്തിനു കാരണം ദൈവത്തിൻറെ കാരുണ്യവും ഭരണകൂടത്തിൻറെ വലിയ പിന്തുണയും വിവേകപൂർണമായ മാർഗനിർദേശവുമാണ്. അതനുസരിച്ച് ഞങ്ങൾ വാതിലുകൾ തുറക്കുകയും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ വരവ് രാജ്യത്തേക്ക് സുഗമമാക്കുകയും ചെയ്തു. 'വിഷൻ 2030'ൽനിന്ന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലൂടെ സ്വദേശത്തും വിദേശത്തുമുള്ള 10 കോടിയിലധികം വിനോദസഞ്ചാരികളുടെ വരവ് രജിസ്റ്റർ ചെയ്യാനും വ്യക്തമായ ഫലങ്ങൾ കൈവരിക്കാനും ഇതിനകം സാധിച്ചു. വിനോദസഞ്ചാരികൾ ഈ കാലയളവിൽ 250 ശതകോടി റിയാൽ രാജ്യത്തു ചെലവഴിച്ചു.
ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിലേക്ക് സൗദിയുടെ സാന്നിധ്യം ശക്തിപ്പെടുത്താനായത് ഭരണകൂടത്തിൻറെ മാർഗനിർദേശവും വലിയ പിന്തുണയുംകൊണ്ടാണ്. അതില്ലാതെ തുടർച്ചയായ ഈ നേട്ടങ്ങളും റെക്കോർഡുകളും കൈവരിക്കാനാവില്ലെന്ന് ടൂറിസം മന്ത്രി പറഞ്ഞു. ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ച സർക്കാർ ഏജൻസികൾക്കും ഐക്യരാഷ്ട്രസഭയുടെ ടൂറിസം ഓർഗനൈസേഷനും വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിനും അന്താരാഷ്ട്ര പങ്കാളികൾക്കും രാജ്യത്തെ വിനോദസഞ്ചാരത്തിൻറെ ഭാവിയിൽ പ്രതീക്ഷയർപ്പിക്കുന്ന സ്വകാര്യസംരംഭകർക്കും നിക്ഷേപകർക്കും മന്ത്രി നന്ദി പറഞ്ഞു. ഈ വിജയം 2030-ഓടെ 15 കോടി വിനോദസഞ്ചാരികളെ വരവേൽക്കാനുള്ള ഞങ്ങളുടെ പുതിയ അഭിലാഷത്തെ ശക്തിപ്പെടുത്തുന്നു. വിനോദസഞ്ചാരത്തെ സൗദി സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന മേഖലയും തൊഴിലവസരങ്ങളുടെ ഉറവിടവും സുസ്ഥിര നിക്ഷേപങ്ങൾക്കും വിനോദസഞ്ചാരികൾക്കുമുള്ള ആകർഷണവുമാക്കി മാറ്റുന്നതിനു തുടർന്നും പ്രവർത്തനപദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാരം സാമ്പത്തിക വികസനത്തിന് ഒരു പ്രധാന ഘടകമായി മാറിയിട്ടുണ്ട്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും മൊത്തം വിനോദസഞ്ചാരികളുടെ എണ്ണം 10.6 കോടിയിലധികമായി. 2019നെ അപേക്ഷിച്ച് 56 ശതമാനവും 2022നേക്കാൾ 12 ശതമാനവും വർധനവുണ്ടായി. കൂടാതെ എണ്ണേതര വരുമാനസ്രോതസുകൾ വർധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിച്ചു. 'വിഷൻ 2030'ന് അനുസൃതമായി ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധതയാണ് ഈ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ആഗോള ടൂറിസം ഭൂപടത്തിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുന്ന പോസിറ്റിവ് ഫലങ്ങൾക്കും നേട്ടത്തിനും ഇതുകാരണമായി.