സൗദിയിൽ 67 പുരാവസ്തു കേന്ദ്രങ്ങൾ കൂടി ദേശീയ പൈതൃക രജിസ്റ്ററിൽ
യാംബു : സൗദി അറേബ്യയിൽ 67 പുരാവസ്തു കേന്ദ്രങ്ങൾ കൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തി. ഇതോടെ രാജ്യത്തുടനീളമുള്ള രജിസ്റ്റർ ചെയ്ത ചരിത്ര കേന്ദ്രങ്ങളുടെ എണ്ണം 8,531 ആയി. പുതുതായി ഉൾപ്പെടുത്തിയ സ്മാരകങ്ങളിൽ വടക്കൻ അതിർത്തിയിൽ 15, തബൂക്കിൽ 13, ഹാഇലിൽ 10, അൽ-ജൗഫിൽ ഒമ്പത്, അൽ-ഖസീമിൽ അഞ്ച്, റിയാദിലും അസീറിലും നാല് വീതം, മദീനയിലും അൽ-ബാഹയിലും മൂന്നു വീതവും മക്കയിൽ ഒന്നും കേന്ദ്രങ്ങളാണ് പുതുതായി പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് അതോറിറ്റി (എസ്.സി.ടി.എച്ച്) അറിയിച്ചു.
ഇത്തരം പുരാവസ്തു, ചരിത്ര കേന്ദ്രങ്ങൾ കണ്ടെത്താനും ബന്ധപ്പെട്ടവരെ അറിയിച്ച് രേഖപ്പെടുത്താനും സംരക്ഷിക്കാനും രാജ്യത്തെ മുഴുവനാളുകളുടെയും സഹകരണം ഹെറിറ്റേജ് കമീഷൻ അഭ്യർഥിച്ചു. ശ്രദ്ധയിൽപ്പെട്ടതും പര്യവേക്ഷണം ചെയ്തതുമായ പ്രധാന പുരാവസ്തു കേന്ദ്രങ്ങൾ 'ബലാഗ്' എന്ന പ്ലാറ്റ് ഫോമിലൂടെ റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി ആഹ്വാനം ചെയ്തു. ദേശീയ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ പൗരന്മാരുടെ അവബോധത്തെയും അത് സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള അവരുടെ പങ്കിനെയും താല്പര്യത്തേയും അതോറിറ്റി അഭിനന്ദിച്ചു.
രജിസ്റ്റർ ചെയ്ത പുരാവസ്തു കേന്ദ്രങ്ങൾക്കായി ഒരു പ്രത്യേക ഡേറ്റാബേസ് നിർമിക്കാനും അതോറിറ്റി ലക്ഷ്യമിടുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയിലെ പൈതൃക, പുരാവസ്തു കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എസ്.സി.ടി.എച്ച് ദേശീയ രജിസ്റ്റർ ആരംഭിച്ചത്. പുരാവസ്തു ഗവേഷണത്തിനും ചരിത്ര പഠനത്തിനും ശാസ്ത്രീയമായ സംവിധാനങ്ങൾ ഒരുക്കി സമഗ്രമായ ആസൂത്രണ പദ്ധതികളാണ് എസ്.സി.ടി.എച്ച് അതോറിറ്റി രൂപം നൽകിയിട്ടുള്ളത്.
സൗദിയിലെ വിവിധ മേഖലയിൽ പ്രാദേശികവും അന്തർദേശീയവുമായ നിരവധി സന്നദ്ധ സംഘങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. സൗദിയുടെ ചരിത്രത്തിന്റെ നാൾവഴികൾ പകുത്തുനൽകുന്നതും വ്യത്യസ്ത വാസ്തുശില്പ ചാരുതയിൽ ശ്രദ്ധേയമായ കെട്ടിടങ്ങളും ചരിത്രാതീത കാലഘട്ടത്തിലുള്ള ശേഷിപ്പുകളും ശിലാലിഖിതങ്ങളും അടക്കമുള്ളതാണ് പുതുതായി രജിസ്റ്റർ ചെയ്ത സ്മാരകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
യുനെസ്കോയുടെയും വേൾഡ് ഹെറിറ്റേജ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സ്മാരകങ്ങളുടെ അന്താരാഷ്ട്ര കൗൺസിൽ എല്ലാ വർഷവും ഏപ്രിൽ 18 പൈതൃക ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് സൗദിയിലും വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്നും എസ്.സി.ടി.എച്ച് അതോറിറ്റി അറിയിച്ചു.