സൗദിയിൽ 450 ലധികം ബിനാമി ഇടപാടുകൾ കോടതിയിലേക്ക്
റിയാദ് : സൗദിയിൽ ബിനാമി ബിസിനസ് വിരുദ്ധ നടപടികളുടെ ഭാഗമായി ഈ വർഷം രജിസ്റ്റർ ചെയ്ത 450-ലധികം കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതുവരെയായി കണ്ടെത്തിയ 450-ൽപരം ബിനാമി വിരുദ്ധ കേസുകൾ തുടർ നടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വെളിപ്പെടുത്തി.
'തസത്തുർ' പ്രോഗ്രാം വഴി ബന്ധിപ്പിച്ച് വിവിധ ഏജൻസികളുടെ സഹായത്തോടെയാണ് ബിനാമി ഇടപാടുകൾ കണ്ടെത്തുന്നത്. ഇതിനായി ഈ വർഷം 1,27,000-ത്തിലധികം ഫീൽഡ് പരിശോധനകൾ സംഘടിപ്പിച്ചു. ബിനാമി നിയമം ലംഘിച്ച 646 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇത് വഴി 14 ദശലക്ഷം റിയാലിലധികം പിഴയായി ഈടാക്കി. സ്ഥാപനങ്ങളുടെ ഇടപാടുകളും ലൈസന്സ് രേഖകളും നേരിട്ട് പരിശോധിച്ചും ഇലക്ട്രോണിക് മാര്ഗങ്ങളിലൂടെ ആധികാരികത ഉറപ്പ് വരുത്തിയുമാണ് പരിശോധനകള് സംഘടിപ്പിക്കുന്നത്. ബിനാമി വിരുദ്ധ നടപടിയുടെ ഭാഗമായി സ്ഥാപനങ്ങളുടെ വിവരങ്ങള് ഇലക്ട്രോണിക് പ്ലാറ്റ്ഫോമില് ഏകീകരിച്ചതായും മന്ത്രാലയം അറിയിച്ചു.