സൗദിയിലെ ആദ്യ ഇലക്ട്രിക് കാർ ബ്രാൻഡ് , സീർ
റിയാദ് : സൗദി അറേബ്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്ന ആദ്യ സൗദി ബ്രാന്‍ഡ് ആയി സീര്‍ കമ്പനി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ സൗദി ഇലക്ട്രിക് കാര്‍ വ്യവസായത്തിന് തുടക്കം കുറിക്കുകയാണ്.
സീര്‍ കമ്പനി 56.2 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2034 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 3,000 കോടി റിയാല്‍ കമ്പനി സംഭാവന ചെയ്യുകയും പ്രത്യക്ഷമായും പരോക്ഷമായും 30,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തന്ത്രത്തിന്റെ ഭാഗമായാണ് സീര്‍ കമ്പനി പ്രവര്‍ത്തിക്കുക. സെഡാനുകളും എസ്.യു.വികളും ഉള്‍പ്പെടെ സെല്‍ഫ് ഡ്രൈവിംഗ് പോലുള്ള നൂതന സാങ്കേതിക സംവിധാനങ്ങളുള്ള ഇലക്ട്രിക് കാറുകള്‍ കമ്പനി രൂപകല്‍പന ചെയ്ത് നിര്‍മിക്കുകയും സൗദിയിലും മിഡിൽ ഈസ്റ്റിലും വില്‍ക്കുകയും ചെയ്യും.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും ഫോക്‌സ്‌കോണ്‍ കമ്പനിയുടെയും സംയുക്ത പദ്ധതിയാണ് സീര്‍ കമ്പനി. വൈദ്യുതി കാര്‍ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ ഇലക്ട്രിക് കാറുകളുമായി ബന്ധപ്പെട്ട സാങ്കേതിക ഘടകങ്ങളുടെ ലൈസന്‍സുകള്‍ ബി.എം.ഡബ്ലിയു കമ്പനിയില്‍ നിന്ന് സീര്‍ കമ്പനിക്ക് ലഭിക്കും. ഇലക്ട്രിക് കാറുകള്‍ക്കാവശ്യമായ വൈദ്യുതി സംവിധാനം ഫോക്‌സ്‌കോണ്‍ കമ്പനി വികസിപ്പിക്കും. ഇവ പൂര്‍ണമായും രൂപകല്‍പന ചെയ്ത് നിര്‍മിക്കുക സൗദിയിലായിരിക്കും. ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി കാറുകള്‍ ഗുണനിലവാര പരിശോധനക്ക് വിധേയമാക്കും. ഇലക്ട്രിക് കാറുകള്‍ 2025-ല്‍ വിപണിയിലെത്തും.
സൗദിയില്‍ ഇലക്ട്രിക് കാറുകളുടെ രൂപകല്‍പനയിലും നിര്‍മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ കാര്‍ കമ്പനി സ്ഥാപിക്കാന്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായുള്ള ഫോക്‌സ്‌കോണ്‍ കമ്പനി പങ്കാളിത്തം ഏറെ പ്രധാനമാണെന്നും ഇതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ഫോക്‌സ്‌കോണ്‍ കമ്പനി ചെയര്‍മാന്‍ യോംഗ് ലിയോ പറഞ്ഞു.