സൗദി അർജന്റീനയെ 2 - 1 ൽ തകർക്കുമെന്ന് പ്രവചിച്ച മലയാളി ഇപ്പോൾ സൗദിയിലെ മിന്നും താരം
ജുബൈൽ : ലോകകപ്പിൽ ആദ്യകളിയിൽ അർജന്റീനയെ സൗദി തകർക്കുമെന്ന് പ്രവചിച്ച മലയാളി ഇപ്പോൾ മിന്നും താരം. ഫിഫ ലോക കപ്പ് മത്സരങ്ങളുടെ മൂന്നാംദിനം ആദ്യകളിയിൽതന്നെ ലോകതാരങ്ങളായ അർജന്റീനയെ രണ്ടു ഗോളുകൾക്ക് തകർത്ത് സൗദി വിജയിക്കുമെന്നായിരുന്നു പ്രവചനം . കോഴിക്കോട് ഒളവണ്ണ സ്വദേശിയും, സൗദിയിലെ ജുബൈൽ സാദറ കമ്പനിയിലെ ജീവനക്കാരനുമായ അജ്മൽ സാബുവാണ് കളി തുടങ്ങും മുമ്പ് സൗദിയുടെ വിജയം നിർവചിച്ച് വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടത്.
വേൾഡ് കപ്പിലെ ഏറ്റവും ആദ്യത്തെ അട്ടിമറി കാണാൻ ഒരുങ്ങിക്കോളൂ. സൗദി-2 അർജന്റീന-1.' ഇങ്ങനെയായിരുന്നു സൗദി ആരാധകർ നിറഞ്ഞുനിൽക്കുന്ന ബാക്ക്ഗ്രൗണ്ടിൽ അജ്മലിന്റെ പോസ്റ്റ്. ആദ്യ ദിവസം ഖത്തർ എക്വഡോറിനോട് രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. തുടർന്ന് ഇറാൻ ആറു ഗോൾ വഴങ്ങി ഇംഗ്ലണ്ടിനോട് കനത്ത തോൽവി ഏറ്റുവാങ്ങി. അങ്ങനെയെങ്കിൽ അർജന്റീനക്കു മുന്നിൽ സൗദി ഏഴു ഗോളുകൾക്ക് പരാജയപ്പെടുമെന്ന് തന്റെ സുഹൃത്തുക്കൾ പലരും പറഞ്ഞിരുന്നു.
അർജന്റീനക്ക് വലിയ മത്സരങ്ങൾക്ക് മുമ്പുള്ള ഒരു റിഹേഴ്സൽ മാത്രമാണ് സൗദിയുമായുള്ള കളിയെന്നു കളിയാക്കൽ പോലുമുണ്ടായി.ഇത്തരം വാദഗതികൾക്ക് പകരമായാണ് താൻ വാട്സ്ആപ്പിൽ ചൊവ്വാഴ്ച ഉച്ചയോടെ സ്റ്റാറ്റസിട്ടതെന്ന് അർജന്റീനയുടെ ആരാധകൻകൂടിയായ അജ്മൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് സൗദി അർജന്റീനയെ തോൽപിച്ചപ്പോൾ അതിന്റെ സ്കോർ കൃത്യമായി നിർവചിച്ച അജ്മൽ മലയാളികൾക്കിടയിൽ ഇപ്പോൾ താരമായിരിക്കുകയാണ്.ജുബൈൽ വെൽഫെയർ അസോസിയേഷനിൽ സജീവ പ്രവർത്തകനാണ് അജ്മൽ. ഭാര്യ; ഷാനൂജ, മക്കൾ: ആയിഷ മറിയം.