കാറിടിച്ച് വീഴ്ത്തി മോഷണം ; സിസിടീവി ദൃശ്യങ്ങളിൽ കുടുങ്ങി പ്രതികൾ
സൗദി : സൗദി അറേബ്യയില്‍ വിദേശിയെ കാറിടിച്ച് വീഴ്‍ത്തി പഴ്‍സും മൊബൈൽ ഫോണും തട്ടിയെടുത്ത കവർച്ചാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദി കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിലാണ് വിദേശി ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടംഗ സംഘത്തെയാണ് ഖത്വീഫ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്. സൗദി യുവാക്കളാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റയാൾ ഇതിനോടകം ആശുപത്രി വിട്ടു. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി വിജനമായ സമയത്ത് സൈഹാത്തിലെ റോഡ് സൈഡിലൂടെ നടന്നു പോകുന്നതിനിടെയാണ് വിദേശിയെ പിന്നിലൂടെ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബോണറ്റിനു മുകളിലൂടെ ഉയർന്നുപൊങ്ങിയ വിദേശി നടപ്പാതയിൽ ദേഹമടിച്ചു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് ഡ്രൈവർ കാർ നിർത്തുകയും സഹയാത്രികനായ കൂട്ടാളി കാറിൽ നിന്ന് ഇറങ്ങി വിദേശിയുടെ ശരീരം പരിശോധിക്കുകയും പഴ്സും മൊബൈൽ ഫോണും കൈക്കലാക്കി തിരികെ കാറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു.