സൗദി അറേബ്യയിൽ വാഹന മെക്കാനിക്കുകൾക്കും തൊഴിൽ ലൈസെൻസ് നിർബന്ധമാക്കുന്നു
ജിദ്ദ : സൗദി അറേബ്യയിൽ വാഹന റിപ്പയറിങ് മേഖലയിലെ 15 ജോലികൾക്ക് 2023 ജൂൺ മുതൽ തൊഴിൽ ലൈസൻസ് നിർബന്ധമാക്കുന്നു. ജൂൺ ഒന്നിന് ശേഷം ലൈസൻസ് ഇല്ലാതെ തൊഴിൽ ചെയ്യാൻ പാടില്ല.റേഡിയേറ്റർ ടെക്നീഷ്യൻ, വെഹിക്കിൾ ഗ്ലാസ് ഫിറ്റർ, വാഹന മെക്കാനിക്ക്, എൻജിൻ ടേണിങ് ടെക്നീഷ്യൻ, ഓട്ടോമോട്ടീവ് ഇൻസ്പെക്ഷൻ ടെക്നീഷ്യൻ, ലൈറ്റ് വെഹിക്കിൾ മെയിൻറനൻസ് ടെക്നീഷ്യൻ, വാഹന ഇലക്ട്രീഷ്യൻ, ബ്രേക്ക് മെക്കാനിക്ക്, ബോഡി വർക്കർ, വെഹിക്കിൾ അപ്ഹോൾസ്റ്ററി, വെഹിക്കിൾ ബോഡി പ്ലംബർ, വെഹിക്കിൾ എയർകണ്ടീഷണർ മെക്കാനിക്ക്, തെർമൽ ഇൻസുലേഷൻ ടെക്നീഷ്യൻ, വാഹനത്തിന്റെ പെയിൻറർ, വാഹന ലൂബ്രിക്കൻറ് ടെക്നീഷ്യൻ എന്നീ തൊഴിലുകൾക്കാണ് ലൈസൻസ് നിർബന്ധം.
വാണിജ്യ മേഖലകളിലെ തൊഴിലാളികൾക്ക് പ്രഫഷനൽ ലൈസൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന അവബോധം വളർത്തുന്നതിന് മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണിത്. വിദഗ്ധ തൊഴിലുകൾ പരിശീലിക്കുന്നതിനും അത്തരം സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകളിൽ ഒന്നായാണ് തൊഴിൽ ലൈസൻസ് നിശ്ചയിച്ചിരിക്കുന്നത്. ഇത് സ്വകാര്യ മേഖലയെ സജീവമാക്കുകയും ശാക്തീകരിക്കുകയും നിക്ഷേപകരുടെ ജോലി സുഗമമാക്കുകയും ചെയ്യും.