സൗദിയിലെ ഇന്ത്യൻ സ്വർണ്ണ തിളക്കം ; താരങ്ങളെ ആദരിച്ച് ഇന്ത്യൻ എംബസി
റിയാദ് : സൗദി ദേശീയ ഗെയിംസിൽ സ്വർണ്ണമെഡൽ ജേതാക്കളായ ഇന്ത്യൻ താരങ്ങളെ റിയാദിലെ ഇന്ത്യൻ എംബസി ആദരിച്ചു. . ബാഡ്‍മിന്റൺ സിംഗിൾസ് പുരുഷ, സ്ത്രീ വിഭാഗങ്ങളിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരങ്ങളായ കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസ, ഹൈദരാബാദ് സ്വദേശി മെഹദ് ഷാ ശൈഖ് എന്നിവരെയാണ് ആദരിച്ചത്. സൗദി ആദ്യമായി നടത്തുന്ന ദേശീയ ഗെയിംസിൽ നിരവധി ഇന്ത്യൻ താരങ്ങളാണ് അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കുന്നത്.
റിയാദിലെ ന്യൂ മിഡിലീസ്റ്റ് ഇന്റർനാഷനൽ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. സ്വർണ മെഡലും 10 ലക്ഷം റിയാലുമാണ് ഇവർ നേടിയത്. ജേതാക്കളെ ക്ഷണിച്ചുവരുത്തി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചാണ് റിയാദിലെ എംബസി ആസ്ഥാനത്ത് ആദരിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമാണ് സൗദി അറേബ്യയിൽ ഇരുവരുടെയും ഈ നേട്ടമെന്ന് എംബസി ഉപസ്ഥാനപതി എൻ. രാം പ്രസാദ് പറഞ്ഞു. പ്രശംസാഫലകം സമ്മാനിച്ച അദ്ദേഹം ഇരുവരെയും ഷാൾ അണിയിക്കുകയും ചെയ്തു. എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ഇരു ജേതാക്കളുടെയും മാതാപിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.