ഖത്തറിലേക്ക് പോകുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കും ; സൗദി ജവാസാത്ത്
ജിദ്ദ : ലോക കപ്പ് ആവേശം ലോകംമുഴുവൻ പടർന്നു പിടിക്കുമ്പോൾ സൗദിയിൽനിന്നും ഖത്തറിലേക്ക് ലോകകപ്പ് മത്സരങ്ങൾ കാണാൻ പോകുന്നവർക്ക് എല്ലാ സേവനങ്ങളും ചെയ്യാൻ സജ്ജമാണെന്ന് സൗദി ജവാസാത്ത് അറിയിച്ചു. കര, വ്യോമ മാർഗങ്ങളിലൂടെ ഈ മാസം ഒന്നിനും ഡിസംബർ 23നും ഇടയിൽ ഹയാ പോർട്ടലിൽ റജിസ്റ്റർ ചെയ്ത പാസ്പോർട്ട് ഉപയോഗിച്ച് മാത്രമേ സൗദി അറേബ്യയിൽനിന്ന് ഖത്തറിലേക്ക് യാത്ര അനുവദിക്കൂ എന്നും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്.
കര, വ്യോമ മാർഗങ്ങളിലൂടെ ദോഹയിലേക്ക് പുറപ്പെടുന്നവർക്ക് എമിഗ്രേഷൻ അടക്കമുള്ള സേവനങ്ങൾ നൽകാൻ എല്ലാ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോയന്റുകളിലും ഉദ്യോഗസ്ഥരെ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാക്കിയതായി ജവാസാത്ത് അധികൃതർ അറിയിച്ചു. യാത്രക്കാർ പുറപ്പെടുമ്പോൾ മുതൽ മടങ്ങിയെത്തും വരെയും ഈ സംവിധാനം നിലനിൽക്കും. ഹയാ കാർഡുള്ളവർക്കും വിനോദസഞ്ചാരികൾക്കും ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ വിവരങ്ങൾ അറിയാൻ ഏകീകൃത സുരക്ഷ പ്രവർത്തന കേന്ദ്രവുമായി 911 എന്ന നമ്പറിൽ ബന്ധപ്പെടാം