ലോകത്തിലെ കൂറ്റൻ തിമിംഗല സ്രാവുകളുടെ കൂട്ടം ഖത്തറിൽ
ലോകത്തിലെ ഏറ്റവും വലിയ തിമിംഗല സ്രാവുകളുടെ കൂട്ടത്തെ ഖത്തർ സമുദ്ര പരിധിയിൽ കണ്ടെത്തി. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ വന്യജീവി വികസന വകുപ്പും സമുദ്ര സംരക്ഷണ വകുപ്പും സംയുക്തമായി നടത്തിയ നിരീക്ഷണത്തിനിടയിലാണ് 366 തിമിംഗല സ്രാവുകളടങ്ങുന്ന കൂറ്റൻ സംഘത്തെ കണ്ടെത്തിയത്. മേഖലയിലെയും ലോകത്തെയും തിമിംഗല സ്രാവുകളുടെ ഏറ്റവും വലിയ ഒത്തുചേരലാണിതെന്ന് മന്ത്രാലയം എക്സിൽ കുറിച്ചു. വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളുടെ ആരോഗ്യവും വലുപ്പവും നിരീക്ഷിക്കുന്നതിനിടെയാണ് ഏരിയൽ ഫോട്ടോഗ്രാഫിലൂടെ വിദഗ്ധർ ഇവയെ പകർത്തിയത്. ഖത്തർ ഉൾക്കടലിലെ അസാധാരണ ജൈവ സമ്പത്തായാണ് തിമിംഗല സ്രാവുകളെ കണക്കാക്കുന്നത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ തിമിംഗലസ്രാവുകളെ കാണപ്പെടുന്ന അപൂർവ ഇടങ്ങളിലൊന്നാണ് ഖത്തർ ഉൾക്കടൽ. ഏപ്രിൽ മുതൽ ഒക്ടോബർ വരെ കാലയളവിലാണ് ഇവ കൂടുതലായി ഖത്തർ ഉൾക്കടലിലേക്ക് കുടിയേറുന്നത്.