തൊഴിൽ നിയമലംഘനം ; പരിശോധന ക്യാമ്പയിന് നീക്കവുമായി ഖത്തർ
തൊഴിൽ നിയമലംഘനം കണ്ടെത്താനുള്ള പരിശോധന ക്യാമ്പയിന് അധികൃതർ ഒരുങ്ങുന്നതായി സൂചന. കഴിഞ്ഞ ദിവസം പരിശീലന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് തൊഴിൽ മന്ത്രാലയം പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉടൻ ആരംഭിക്കാനിരിക്കുന്ന പരിശോധന നടപടികളുമായി ബന്ധപ്പെട്ടാണ് പരിശീലന പരിപാടി നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിശോധകരുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താനും തൊഴിൽ അന്തരീക്ഷത്തിലെ അപകട സാധ്യതകൾ തിരിച്ചറിയാനുള്ള ശേഷി വർധിപ്പിക്കാനുമാണ് പരിശീലനം നൽകുന്നത്.ഖത്തർ ദേശീയ വിഷൻ 2030ന് കീഴിൽ വരുന്ന ആധുനികവും മത്സരാധിഷ്ഠിതവുമായ തൊഴിൽ വിപണിയെന്ന ലക്ഷ്യത്തിന് അനുസൃതമായി തൊഴിൽ വിപണിയെ മാറ്റിയെടുക്കാനാണ് ശ്രമം.
രാജ്യത്തെ തൊഴിൽ അന്തരീക്ഷം അന്താരാഷ്ട്ര തൊഴിൽ നിലവാരവുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ അധികൃതർ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി തെറ്റായ പ്രവണതകളും നിയമലംഘനങ്ങളും കണ്ടെത്താൻ പരിശോധന കാമ്പയിനുകൾ സംഘടിപ്പിക്കും. പുതിയ ക്യാമ്പയിൻ ജൂലൈയിൽ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.