ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ നിയമങ്ങൾ പാലിക്കണം ; നിർദേശവുമായി ഖത്തർ ട്രാഫിക് വകുപ്പ്
ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കുന്നവർ അവരുടെ സുരക്ഷയും മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പുവരുത്താൻ ഗതാഗത സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ ബോധവത്കരണ വിഭാഗം മേധാവി ലെഫ്. ഹമദ് സാലിം അൽ നഹാബ് നിർദേശം നൽകി. സൈക്കിളുകളിൽ ഹെൽമറ്റ് ധരിക്കുന്നതും മുന്നിലും പിന്നിലും ലൈറ്റുകൾ ഘടിപ്പിക്കുന്നതും പോലെ ഇ-സ്കൂട്ടറുകളിലും ഇത് പാലിച്ചിരിക്കണമെന്നും ലെഫ്. അൽ നഹാബ് പറഞ്ഞു.
ഇ-സ്കൂട്ടർ റൈഡർമാർ റോഡ് ഉപയോക്താക്കൾക്ക് ദൃശ്യമാകുന്ന രീതിയിൽ പ്രതിഫലന (റിഫ്ലക്ഷൻ) വസ്ത്രങ്ങൾ ധരിച്ചിരിക്കണമെന്നും, സൈക്കിൾ യാത്രക്കാരെപ്പോലെ കാൽനടക്കായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ, നടപ്പാതകളിലെ റോഡ് ക്രോസിങ്ങിന്റെ വശങ്ങളിലോ ഉള്ള നിയുക്ത സ്ഥലങ്ങൾ തന്നെ അവരും ഉപയോഗിക്കണമെന്ന് റയ്യാൻ ടി.വിയോട് സംസാരിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു.
ഇ-സ്കൂട്ടർ അപകടങ്ങളുമായി ബന്ധപ്പെട്ട്, സൈക്കിൾ അപകടങ്ങൾ പോലെ തന്നെയാണ് ഇത് രജിസ്റ്റർ ചെയ്യുകയെന്നും ഇ-സ്കൂട്ടർ റൈഡറാണ് അപകടത്തിന് ഉത്തരവാദിയെങ്കിൽ രണ്ടാം കക്ഷിക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് അയാൾ ഉത്തരവാദിയായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024 ജനുവരി 15 മുതൽ റോഡുകളുടെ വലത് പാത ഉപയോഗിക്കാത്തതിന്റെ പേരിൽ ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക് ഗതാഗത വകുപ്പ് പിഴ ചുമത്തിത്തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. നിരീക്ഷണ കാമറകളും ട്രാഫിക് പട്രോളിങ്ങും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
ഡെലിവറി ബോക്സിന് പിന്നിൽ ചുവന്ന റിഫ്ലക്ടർ ഇരുവശത്തും മഞ്ഞ റിഫ്ലക്ടറും ഉണ്ടായിരിക്കണം, കൂടാതെ ഫൈബർ വസ്തുകൊണ്ടായിരിക്കണം ബോക്സ് നിർമിക്കേണ്ടത് തുടങ്ങിയ സാങ്കേതിക ആവശ്യകതകൾ ഡെലിവറി മോട്ടോർ ബൈക്കുകൾ പാലിച്ചിരിക്കണം. ഓരോ ഡെലിവറി കമ്പനിയും അവരുടെ മോട്ടോർ ബൈക്കുകളിൽ കമ്പനി ലോഗോ പതിപ്പിച്ചിരിക്കണം. മോട്ടോർബൈക്കുകൾ ഇന്ന് റോഡിന്റെ ഭാഗമായിരിക്കുകയാണെന്നും നിയമനിർദേശങ്ങൾ കർശനമായി പാലിക്കാൻ റൈഡർമാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.