മലേഷ്യയിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം മലേക്ഷ്യ സംഘം ഖത്തറിൽ
മലേഷ്യയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ടൂറിസം മലേഷ്യ ഉദ്യോഗസ്ഥർ ഖത്തറിലെത്തി. മേയ് ആദ്യ വാരത്തിൽ ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുത്തതിനു പിന്നാലെയാണ് ഖത്തറിലെയും ഒമാനിലെയും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വമ്പൻ പാക്കേജുകൾ അവതരിപ്പിച്ചുകൊണ്ട് പ്രത്യേക സംഘമെത്തിയത്.
മേയ് 12 മുതൽ നാലു ദിവസങ്ങളിലായി ദോഹയിൽ തങ്ങിയ 23 അംഗ സംഘം മലേഷ്യയുടെ ടൂറിസം സാധ്യതകൾ വിവിധ മേഖലകളിലുള്ളവർക്കായി പരിചയപ്പെടുത്തി. 12 ട്രാവൽ ഏജന്റുമാർ, ഹോട്ടൽ പ്രതിനിധികൾ, കമ്പനി പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഖത്തറിലെത്തിയത്. മലേഷ്യയുടെ വിനോദ സഞ്ചാര സാധ്യതകൾ പരിചയപ്പെടുത്തുക, വിനോദ പരിപാടികളും പാക്കേജുകളും അവതരിപ്പിക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമെന്ന നിലയിൽ ശ്രദ്ധേയമാണ് മലേഷ്യ. കുറഞ്ഞ ചെലവിൽ മികച്ച നിലവാരത്തിലെ വിനോദ സഞ്ചാര സാധ്യതകൾ തന്നെയാണ് യാത്രക്കാരെ ആകർഷിക്കുന്നത്. 2023ൽ ഖത്തറിൽ നിന്നും 2464 പേരും, ഒമാനിൽ നിന്നും 18,000ത്തിലേറെയും സന്ദർശകരെത്തിയെന്നാണ് കണക്ക്. കോവിഡാനന്തരം മേഖലയിൽ നിന്നും മലേഷ്യയിലേക്ക് സഞ്ചാരികൾ വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.