ഖത്തറിലെ നേഴ്സറികളുടെ സേവന നിലവാരം മെച്ചപ്പെടുത്തും ; മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം
ഖത്തറിലെ നഴ്സറികളുടെ സേവന നിലവാരം മെച്ചപ്പെടുത്താനും കാര്യക്ഷമത ഉറപ്പാക്കാനും ഖത്തർ വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി. നൽകുന്ന സേവനങ്ങളും കുട്ടികളുടെ പ്രത്യേകതകളും അടിസ്ഥാനമാക്കി നഴ്സറികളെ മൂന്ന് വിഭാഗമായി തിരിച്ചു. ഓരോന്നിലും ജീവനക്കാർക്ക് ആവശ്യമായ യോഗ്യതകളും ജോലി പരിചയവും വേണ്ട സൗകര്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ജോലിക്കാരായ മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശിശുസംരക്ഷണ സേവനങ്ങൾ നൽകുന്നതാണ് ഒന്നാമത്തെ വിഭാഗം. ഇവ ഡേ കെയർ നഴ്സറികൾ എന്നാണ് അറിയപ്പെടുക. ഡേ കെയർ സേവനങ്ങൾ നൽകുന്നതിനൊപ്പം കുട്ടികൾക്ക് ഭാഷ, വായന, എഴുത്ത്, ഗണിതശാസ്ത്രം തുടങ്ങിയ അടിസ്ഥാന കഴിവുകൾ പഠിപ്പിക്കുക കൂടി ചെയ്യുന്ന കെയർ ആൻഡ് എജുക്കേഷൻ നഴ്സറികളാണ് രണ്ടാമത്തെ വിഭാഗം. ശാരീരിക വൈകല്യങ്ങളും പഠന വൈകല്യങ്ങളുമുള്ള കുട്ടികളുടെ സംരക്ഷണത്തിനായുള്ള സ്പെഷലൈസ്ഡ് നഴ്സറികളാണ് മൂന്നാമത്തേത്.
ആധുനിക ഉപകരണങ്ങളും ശാസ്ത്രീയരീതികളും ഉപയോഗിച്ച് കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്ന പ്രത്യേക പരിപാടികൾ ഇവയിൽ ലഭ്യമാകും. നഴ്സറികളിൽ ജോലി ചെയ്യുന്നവരുടെ അടിസ്ഥാന യോഗ്യതകളും തൊഴിൽ പരിചയവും പുതിയ ഉത്തരവിൽ നിർണയിച്ചിട്ടുണ്ട്. നഴ്സറി ലൈസൻസ് നേടാനും പുതുക്കാനുമുള്ള ഫീസ് 1000 ഖത്തർ റിയാലാണ്. കുട്ടികളുടെ ജീവിതത്തിന്റെ സുപ്രധാന ഘട്ടത്തിൽ ഏറ്റവും മികച്ച പരിചരണവും ശിക്ഷണവും ലഭ്യമാക്കി കുട്ടികൾക്ക് വൈജ്ഞാനികവും മാനസികമായ വളർച്ച ഉറപ്പുവരുത്താനാണ് ലക്ഷ്യമാക്കുന്നതെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഒമർ അൽ-നാമ പറഞ്ഞു.